കാസർകോട്: നീലേശ്വരത്ത് ആർഎസ്എസ് നടത്തിയ പഥസഞ്ചലനം സിപിഎം പ്രവർത്തകർ തടഞ്ഞു. രാജാസ് സ്കൂൾ കേന്ദ്രീകരിച്ചാണ് പഥസഞ്ചലനം നടക്കുന്നത്. ഇതിന് അനുമതി നൽകിയ തീരുമാനത്തിനെതിരെ നേരത്തെ തന്നെ പ്രതിഷേധം ഉയർന്നിരുന്നു.

ഇന്ന് ആർഎസ്എസ് പ്രവർത്തകർ നീലേശ്വരം നഗരത്തിൽ പ്രകടനം നടത്തി. ബസ് സ്റ്റാന്റ് ചുറ്റിവന്ന ആർഎസ്എസ് പഥസഞ്ചലനത്തെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ നീലേശ്വരം ബസ് സ്റ്റാന്റിൽ വച്ച് തന്നെ തടഞ്ഞു. പൊലീസ് സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല.

ഇരുവിഭാഗവും തമ്മിൽ സംഘർഷത്തിലേക്ക് നീങ്ങിയപ്പോഴാണ് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചത്. ആർഎസ്എസ് പ്രവർത്തകന്റെ പരാതിയിൽ 40 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു.