ഗതാഗത മന്ത്രിയുടെ കാസർഗോഡ് യാത്രയ്ക്ക് ഉപയോഗിച്ച വാഹനത്തിന് രേഖകളില്ലെന്ന സാമൂഹ്യമാധ്യമ പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വാഹനത്തിന് കൃത്യമായ ഇൻഷുറൻസും മലിനീകരണ സർട്ടിഫിക്കറ്റും ഉണ്ടെന്നും, കേന്ദ്ര സർക്കാരിന്റെ 'പരിവാഹൻ' വെബ്സൈറ്റിലെ അപ്ഡേഷൻ താമസം ആശയക്കുഴപ്പമുണ്ടാക്കിയെന്നും വകുപ്പ് വ്യക്തമാക്കി.

തിരുവനന്തപുരം: ഗതാഗത മന്ത്രിയുടെ കാസർഗോഡ് യാത്രയ്ക്കായി ഉപയോഗിച്ച വാഹനത്തിന് രേഖകളില്ലെന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് മോട്ടോർ വാഹന വകുപ്പ്. മന്ത്രിയുടെ യാത്രയ്ക്കായി ടൂറിസം വകുപ്പ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചതായിരുന്നു പ്രസ്തുത വാഹനം. പ്രചരിക്കുന്ന വാർത്തകൾക്ക് വിപരീതമായി, ഈ വാഹനത്തിന് കൃത്യമായ രേഖകൾ നിലവിലുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരള സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്‍റ് നൽകിയിട്ടുള്ള ഇൻഷുറൻസ് ഈ വാഹനത്തിനുണ്ട്. 2025 മെയ് 18 മുതൽ 2027 മെയ് 17 വരെ ഈ ഇൻഷുറൻസിന് സാധുതയുണ്ട്. വാഹനത്തിന്‍റെ മലിനീകരണ സർട്ടിഫിക്കറ്റ് കാലാവധി 2026 ജൂലൈ ആറിനാണ് അവസാനിച്ചത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ (2026 ജൂലൈ 7 മുതൽ) ഇത് കൃത്യമായി പുതുക്കിയിട്ടുള്ളതാണ്.

കേരള സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്‍റ് വഴിയുള്ള ഇൻഷുറൻസ് വിവരങ്ങൾ കേന്ദ്ര സർക്കാരിന്‍റെ 'പരിവാഹൻ' വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ആയി വരാൻ പലപ്പോഴും സാങ്കേതികമായ സമയതാമസം നേരിടാറുണ്ട്. ഇതാണ് ആശയക്കുഴപ്പങ്ങൾക്ക് കാരണമായതെന്ന് എംവിഡി ചൂണ്ടിക്കാട്ടുന്നു. യഥാർത്ഥ വസ്തുതകൾ അന്വേഷിച്ചറിയാതെ ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിൽ നിന്നും പൊതുജനങ്ങൾ പിന്മാറണമെന്നും, വാർത്തകൾ ഷെയർ ചെയ്യുന്നതിന് മുൻപ് യാഥാർത്ഥ്യം തിരിച്ചറിയാൻ ശ്രമിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് അഭ്യർത്ഥിച്ചു.