കൊച്ചി: തെരഞ്ഞെടുപ്പ് അടുത്തിരിക്കേ, ആർഎസ്എസ് ദേശീയ നേതൃത്വവുമായി ഓർത്തഡോക്സ് സഭാ ബിഷപ്പുമാരുടെ കൂടിക്കാഴ്ച. ദേശീയ ജോയിന്‍റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യയെ, കൊച്ചിയിലെ ആർഎസ്എസ് കാര്യാലയത്തിലെത്തയാണ് സഭാ നേതൃത്വം കണ്ടത്. പളളിത്തർക്കം അടക്കം രാഷട്രീയ സാഹചര്യങ്ങൾ ചർച്ചയായെന്ന് ബിഷപ്പുമാർ പറഞ്ഞു.

ഓർത്ത‍‍ഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിന്‍റെ ചുമതലയുളള ബിഷപ് ഗീവർഗീസ് മാർ യൂലിയോസ്, കൊച്ചി ഭദ്രാസനത്തിന്‍റെ ചുമതലയുളള ബിഷപ് യാക്കോബ് മാർ ഐറേനിയോസ് എന്നിവരാണ് ആർ എസ് എസ് കാര്യാലായത്തിൽ എത്തിയത്. ദേശീയ സഹസർകാര്യവാഹ് മൻമോഹൻ വൈദ്യ രാവിലെ തന്നെ ഗുജറാത്തിൽ നിന്ന് എത്തിയിരുന്നു. പളളിത്തർക്കം അടക്കം നിലവിലെ കേരളത്തിലെ രാഷ്ടീയ സാഹചര്യം ച‍ർച്ചയായെന്ന് ഓർത്ത‍ഡോക്സ് സഭാ ബിഷപ്പുമാർ പറഞ്ഞു.

കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണയോടെയെ ബിജെപിക്ക് കേരളത്തിൽ വേരുറപ്പിക്കാൻ കഴിയൂ എന്നാണ് ആർ എസ് എസ് ദേശീയ തേൃത്വത്തിന്‍റെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിൽ കൂടിയായിരുന്നു കൂടിക്കാഴ്ച. മറ്റ് സഭാ നേതൃത്വങ്ങളുമായും ആർ എസ് എസ് നേതൃത്വം കൂടിക്കാഴ്ച നടത്തുന്നുണ്ട്. പളളിത്തർക്കത്തിൽ ഇടതുസർക്കാർ വ‌ഞ്ചിച്ചെന്നും യു‍ഡിഎഫ് കൃത്യമായ നിലപാട് പറയുന്നില്ലെന്നുമാണ് ഓർത്ത‍ഡോക്സ് സഭയുടെ വിമർശനം. ഈ പശ്ചാത്തലത്തിൽ കൂടിയായിരുന്നു കൂടിക്കാഴ്ച