അഴീക്കോട് തെരഞ്ഞെടുപ്പ് കേസിൽ മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്ക് സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി. ഹൈക്കോടതിക്ക് അയോഗ്യത വിധിക്കാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഷാജിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് ഉത്തരവിട്ടു.
ദില്ലി: അഴീക്കോട് തെരഞ്ഞെടുപ്പ് കേസിൽ മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്ക് അനുകൂല വിധി. കെ എം ഷാജിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. അയോഗ്യത വിധിക്കാൻ ഹൈക്കോടതിക്ക് അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 2016ലെ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ നിന്ന് വിജയിച്ച കെ എം ഷാജി അയോഗ്യനാക്കിയതിനെതിരായ അപ്പീലിലായിരുന്നു സുപ്രീംകോടതിയുടെ ഇടപെടൽ.
കെ എം ഷാജിയുടെ അയോഗ്യത പ്രാബല്യത്തിലാക്കണമെന്നായിരുന്നു സിപിഎം നേതാവ് എം വി നികേഷ് കുമാറിന്റെ ആവശ്യം. 2016 ലെ തെരെഞ്ഞെടുപ്പ് കേസ് അപ്രസക്തമായെങ്കിലും ഷാജിക്ക് ഹൈക്കോടതി വിധിച്ച അയോഗ്യത പ്രാബല്യത്തിലാക്കണം എന്നാണ് നികേഷ് കുമാർ ആവശ്യപ്പെട്ടത്. നികേഷ് കുമാറിന്റെ ആവശ്യത്തിൽ വിശദമായ വാദം കേൾക്കാമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. ആറ് വർഷത്തെ അയോഗ്യത ആണ് ഷാജിക്ക് 2018ൽ കേരള ഹൈക്കോടതി വിധിച്ചത്. ഇതിനെതിരെ ഷാജി സുപ്രീം കോടതിയെ സമീപിച്ച് ഇടക്കാല സ്റ്റേ നേടിയിരുന്നു. തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി കോടതി പരിഗണിക്കവേയാണ് നികേഷ് കുമാർ ഹൈക്കോടതി വിധിച്ച അയോഗ്യ പ്രാബല്യത്തിലാക്കാൻ ആവശ്യപ്പെട്ടത്. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പടുക്കവേയാണ് നികേഷിന്റെ നീക്കം. തെരഞ്ഞെടുപ്പ് വരാനിരിക്കെ അനുകൂല വിധി ലഭിച്ചത് കെ എം ഷാജിക്ക് നേടമാകും.
