Asianet News MalayalamAsianet News Malayalam

ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകം; അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു

കൊലപാതകത്തില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് എന്‍ഐഎ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസില്‍ എൻഐഐ പുതുക്കിയ എഫ്ഐആർ സമർപ്പിക്കും.

RSS worker Sreenivasan Murder Case NIA took over investigation
Author
First Published Dec 20, 2022, 5:29 PM IST

പാലക്കാട്: പാലക്കാട്ട് ആർഎസ്എസ്. പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് എന്‍ഐഎ അന്വേഷിക്കും. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. എൻഐഎ കൊച്ചി യൂണിറ്റാകും കേസ് അന്വേഷിക്കുക.  പൊലീസില്‍ നിന്ന് കേസ് ഡയറി ലഭിക്കുന്നമുറയ്ക്ക് കൊച്ചി എന്‍ഐഎ കോടതിയില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യും. 

നേരത്തെ പിോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് എന്‍ഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ശ്രീനിവാസന്‍ വധത്തില്‍ തീവ്രവാദബന്ധമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടത്. പോപ്പുലർ ഫ്രണ്ട് റെയ്ഡിന് പിന്നാലെ അറസ്റ്റിലായ സംസ്ഥാന സെക്രട്ടറി സി എ റൗഫ്, യഹിയ കോയ തങ്ങൾ എന്നിവർക്ക് ശ്രീനിവാസൻ വധക്കേസിൽ പങ്കുണ്ടെന്നും റിപ്പോർട്ടിലുണ്ട്. സംസ്ഥാന പൊലീസ് കേസ് അന്വേഷണത്തിൽ ഇതുവരെ 42 പ്രതികള്‍ പിടിയിലായി.

കഴിഞ്ഞ ഏപ്രിൽ 16 നാണ് ആർഎസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുന്നത്. മൂന്ന് ബൈക്കുകളിലായി ആറംഗ സംഘമാണ് പട്ടാപ്പകൽ നഗരമധ്യത്തിലെ കടയിൽ കയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. 

പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. അന്ന് രാത്രി മോർച്ചറിക്ക്‌ പിറകിലെ ഗ്രൗണ്ടിൽ വച്ച് ഒരു വിഭാഗം ഗൂഢാലോചന നടത്തി. 16 ന് പകൽ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറ് പേർ മേലാമുറിയിലെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്. തുടർന്ന് മൂന്ന് പേർ കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ  വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്. 

Follow Us:
Download App:
  • android
  • ios