Asianet News MalayalamAsianet News Malayalam

തലപ്പാടിയിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ തിരിച്ച് വിടുന്നു, വാളയാറിൽ ഇന്ന് ആർടിപിസിആർ നിർബന്ധമില്ല

തലപ്പാടിയിൽ രണ്ട് ഡോസ് വാക്സീന് എടുത്തവർക്കും നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് വേണമെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ നിലപാട്. സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ സാമ്പിൾ എടുത്ത ശേഷം അതിർത്തി കടക്കാൻ അനുവദിക്കാതെ തിരിച്ച് വിടുകയാണ്.

rt pcr negative covid-19 test certificate mandatory in karnataka border
Author
Kasaragod, First Published Aug 2, 2021, 9:46 AM IST

ബംഗ്ലൂരു/ പാലക്കാട്: കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണമുയർന്ന സാഹചര്യത്തിൽ അതിർത്തി സംസ്ഥാനങ്ങളായ കർണാടകയും തമിഴ്നാടും പരിശോധന ശക്തമാക്കി. അതിർത്തിയായ തലപ്പാടിയിൽ വാക്സീൻ രണ്ട് ഡോസും എടുത്തവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്നായിരുന്നു ഇന്ന് രാവിലെ കർണാടക നിലപാടെങ്കിലും പിന്നീട് ഇവിടെയും പരിശോധന കടുപ്പിച്ചു. രണ്ട് ഡോസ് വാക്സീന് എടുത്തവർക്കും നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് വേണമെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ നിലപാട്. സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിർത്തി കടക്കാൻ അനുവദിക്കാതെ തിരിച്ച് വിടുകയാണ്.

അതിർത്തിയിൽ ഇനി ഇന്ന് ആർടിപിസിആർ പരിശോധന ഉണ്ടാകില്ലെന്ന് ദക്ഷിണ കന്നഡ ഡെപൂട്ടി കമ്മീഷണർ ഡോ. കെ.വി. രാജേന്ദ്ര അറിയിച്ചു. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ മടക്കി അയക്കും. എന്നാൽ പരീക്ഷയുള്ള വിദ്യാർത്ഥികളെ ഹോൾ ടിക്കറ്റ് കാണിച്ചാൽ കടത്തി വിടും. മെഡിക്കൽ എമർജൻസിയും അനുവദിക്കും. ചെറിയ അതിർത്തികൾ അടക്കം എല്ലാ അതിർത്തികളിലും പരിശോധന ഉണ്ടാകുമെന്നും ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി. 

കേരള- കർണാടക അതിർത്തിയായ തലപ്പാടി വരെ മാത്രമാണ് കെഎസ്ആർടിസിയുടെ സർവ്വീസ് അനുവദിക്കുന്നുള്ളു. അതിർത്തി കടന്നാൽ കർണാടക ബസുകളിൽ നഗരത്തിലേക്ക് എത്താനുള്ള സജ്ജീകരണമാണ് കർണാടക സർക്കാർ ഒരുക്കിയിട്ടുള്ളത്. 

പാലക്കാട്-തമിഴ്ടാനാട് അതിർത്തിയിൽ തമിഴ്നാടും പരിശോധന കർശനമാക്കിയിട്ടുണ്ട്. രാവിലെ മുതൽ തന്നെ പൊലീസ് ഇ- പാസ് പരിശോധനയും ശരീര താപനില പരിശോധനയും നടത്തിയ ശേഷമാണ് യാത്രക്കാരെ അതിർത്തി കടത്തി വിടുന്നത്. ആദ്യ ദിവസമായതിനാൽ ഇന്ന് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെയും കടത്തി വിടുമെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് അറിയിച്ചു. നാളെ മുതൽ കർശന പരിശോധന നടത്താനാണ് തീരുമാനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios