Asianet News MalayalamAsianet News Malayalam

മുത്തങ്ങയിലെ പകൽക്കൊള്ള, കൈക്കൂലി കൊടുത്താൽ ആർടിപിസിആർ ഇല്ലാതെ കർണാടക അതിർത്തി കടക്കാം! ദൃശ്യങ്ങൾ പുറത്ത്

500 മുതൽ 1000 രൂപ വരെ കൈകൂലി വാങ്ങിയാണ് കർണാടക ഉദ്യോഗസ്ഥർ രേഖകളില്ലാതെ കടത്തി വിടുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.

 

rtpcr bribes in muthanga border karnataka checkpost
Author
Wayanad, First Published Oct 15, 2021, 8:02 AM IST

വയനാട്: മുത്തങ്ങയിലെ ചെക്ക്പോസ്റ്റിലൂടെ ആർടിപിസിആർ സർട്ടിഫിക്കറ്റില്ലെങ്കിലും കർണ്ണാടകത്തിലേക്ക് കടക്കാം. 500 മുതൽ 1000 രൂപ വരെ കൈകൂലി വാങ്ങിയാണ് കർണാടക ഉദ്യോഗസ്ഥർ രേഖകളില്ലാതെ കടത്തി വിടുന്നത്. . വയനാട്ടിൽ നിന്ന് കർണാടകയിലേക്ക് കടക്കാൻ മൂന്ന് ചെക്ക്പോസ്റ്റുകളാണുള്ളത്. ഇതിൽ യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്നത് മുത്തങ്ങ ചെക്ക്പോസ്റ്റിനെയാണ്. സംസ്ഥാനത്തേക്ക് കടക്കാൻ ആർടിപിസിആർ സർട്ടിഫിക്കറ്റും ക്വാറന്ററൈയനും ആദ്യം നടപ്പാക്കിയത് കർണ്ണാടകയായിരുന്നു. പക്ഷേ ആ ജാഗ്രത അതിർത്തിയിൽ ഇന്നില്ല. അവിടെ കൈക്കൂലിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്- ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിലേക്ക്...

അതിർത്തിയിൽ സംഭവിക്കുന്നത്

ആർടിപിസിആർ സർട്ടിഫിക്കറ്റ് വേണമെന്നില്ല. പകരം വെള്ളപ്പേപ്പർ കയ്യിൽ കരുതണം. അതിന് മുകളിലായി കൈമടക്ക് വകയിൽ 500 രൂപയും. ഇതുണ്ടെങ്കിൽ രേഖകളൊന്നുമില്ലാതെ മുത്തങ്ങ അതിർത്തി കടക്കാമെന്നായിരുന്നു ലഭിച്ച വിവരം. ഇതനുസരിച്ച് കേരള ചെക്ക് പോസ്റ്റ് കടന്ന് കർണാടക അതിർത്തിയിലെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥൻ 500 രൂപ വാങ്ങി കടത്തി വിട്ടു. 

ആർടിപിസിആർ സർട്ടിഫിക്കേറ്റ് വേണ്ടിടത്ത് വെറും പേപ്പറുകളും അതിന് മുകളിൽ 500 രൂപയും വെച്ചു. പേപ്പർ വെറുതെ മറിച്ചു നോക്കിയ ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും ഒരു ചോദ്യവമുണ്ടായില്ല. ചുറ്റും നോക്കിയ ശേഷം അതിനൊപ്പം വെച്ച 500 രൂപ കൈക്കാലാക്കി വാഹനം കടത്തിവിട്ടു. 

കർണ്ണാടക സർക്കാർ പ്രഖ്യാപിച്ച നിബന്ധനകളൊക്കെ ഉദ്യോഗസ്ഥർ കാറ്റിൽ പറത്തുകയാണെന്ന് വ്യക്തം.ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും നിയന്ത്രണമൊക്കെ കർണ്ണാടക ഉദ്യോഗസ്ഥർ 500 രൂപാ നോട്ട് കാണുന്നതോടെ അവസാനിപ്പിക്കുന്നത് പതിവാണെന്ന് മുത്തങ്ങ അതിർത്തിമേഖലയിലെ താമസക്കാരായ മലയാളികളും സാക്ഷ്യപ്പെടുത്തുന്നു. ആർടിപിസിആറിന്‍റെ മറവിൽ ഇത്തരത്തിൽ ലക്ഷങ്ങളാണ് കർണാടക ഉദ്യോഗസ്ഥർ കൈകൂലി വാങ്ങുന്നത്. എന്നാൽ സംഭവത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ചെക്ക് പോസ്റ്റ് സ്ഥിതി ചെയ്യുന്ന ചാമരാജ് നഗർ ജില്ല ഭരണകൂടത്തിന്‍റെ വിശദീകരണം. സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങളൊക്കെ അതേ പടി തുടരുന്നുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു.  

Follow Us:
Download App:
  • android
  • ios