Asianet News MalayalamAsianet News Malayalam

ഇന്ന് ഡയസിൽ കയറിയതിന് നടപടി, അന്ന് ശ്രീരാമകൃഷ്ണൻ ചെയ്തതെന്ത്? ചോദ്യവുമായി പ്രതിപക്ഷം

2015-ൽ ബാർ കോഴ വിവാദം കത്തി നിന്ന കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണി ബജറ്റ് അവതരിപ്പിക്കാനെത്തിയപ്പോൾ അന്ന് പ്രതിപക്ഷത്തായിരുന്ന ഇന്നത്തെ സ്പീക്കറടക്കം ചെയ്തതെന്ത് എന്ന ചോദ്യമാണ് പ്രതിപക്ഷം ചോദിക്കുന്നത്. 

ruckus in assembly opposition slams speaker p sriramakrsihnan with old images of him standing on dais in 2015
Author
Thiruvananthapuram, First Published Nov 21, 2019, 11:35 AM IST

തിരുവനന്തപുരം: ഡയസിൽ കയറിയതിന് നാല് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ നടപടി വന്നിരിക്കുകയാണ്. കേരളാസർവകലാശാലയിലെ മോഡറേഷൻ തട്ടിപ്പിനെതിരെ കെഎസ്‍യു നടത്തിയ മാർച്ചിൽ ഷാഫി പറമ്പിൽ എംഎൽഎയുടെ തല അടിച്ചുപൊട്ടിച്ച പൊലീസുദ്യോഗസ്ഥർക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച ചില എംഎൽഎമാർ സ്പീക്കറുടെ ഡയസിൽ കയറി മുദ്രാവാക്യം വിളിക്കുകയായിരുന്നു. പ്രതിപക്ഷ എംഎൽഎമാരായ റോജി എം ജോൺ, ഐ സി ബാലകൃഷ്ണൻ, എൽദോസ് കുന്നപ്പള്ളി, അൻവർ സാദത്ത് എന്നിവരാണ് ഡയസിൽ കയറി മുദ്രാവാക്യം വിളിച്ചത്. ഇത് സഭാ മര്യാദകളുടെ കടുത്ത ലംഘനമാണെന്ന് കാട്ടി രൂക്ഷവിമർശനമുയർത്തിയ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, ഡയസ് വിട്ട് പുറത്തുപോകുന്ന അസാധാരണ ദൃശ്യവും ബുധനാഴ്ച നിയമസഭ കണ്ടു. ഇതേത്തുടർന്ന് പിറ്റേന്ന് തന്നെ എംഎൽഎമാർക്കെതിരെ അച്ചടക്ക നടപടികൾ വരുമ്പോൾ പ്രതിപക്ഷം സ്പീക്കർക്കെതിരെ ഉയർത്തുന്നത് പഴയ ചില ചിത്രങ്ങളും ചോദ്യങ്ങളുമാണ്.

ഇതേത്തുടർന്ന് സഭാ നടപടികൾ സുഗമമായി മുന്നോട്ടുപോകുന്നതിന് വിവിധ കക്ഷി നേതാക്കളുമായി സ്പീക്കർ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയും പങ്കെടുത്തു. തുടർന്ന് ഉരുത്തിരി‌ഞ്ഞ സമവായങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടും സഭ ചേർന്നെങ്കിലും വീണ്ടും പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതിനാൽ, ഇന്നലെ നടപടികൾ പൂർത്തിയാക്കി പിരിയേണ്ടി വന്നിരുന്നു. ഇന്നലെ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ നടപടിയുണ്ടാകില്ലെന്ന സൂചനയാണ് ഉണ്ടായിരുന്നത്. സ്പീക്കറുടെ ഡയസിൽ കയറി മുദ്രാവാക്യം വിളിച്ചത് കടുത്ത ചട്ടലംഘനമാണെന്നും സംഭവം നിർഭാഗ്യകരമാണെന്നും പി ശ്രീരാമകൃഷ്ണൻ പ്രതികരിച്ചെങ്കിലും, സമവായത്തിന്‍റെ അടിസ്ഥാനത്തിൽ നടപടി ഉണ്ടായേക്കില്ലെന്ന് അഭ്യൂഹങ്ങളുണ്ടായി.

എന്നാൽ നിയമസഭാ സമ്മേളനത്തിന്‍റെ അവസാന ദിവസം സഭയിലെത്തിയ നാല് പ്രതിപക്ഷ എംഎൽഎമാർക്കും എതിരെ ശാസനാ നടപടി സ്വീകരിക്കുന്നുവെന്ന് സ്പീക്കർ അറിയിക്കുകയായിരുന്നു. കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഇതിനെതിരെ ഉയർത്തുന്നത്. ഇപ്പോൾ ഡയസിൽ കയറി മുദ്രാവാക്യം വിളിച്ചതിന് അച്ചടക്ക നടപടി എടുത്തെങ്കിൽ 2015-ൽ ഇതേ സ്പീക്കർ ഡയസിൽ കയറി അന്നത്തെ സ്പീക്കറുടെ കസേര മറിച്ചിട്ടില്ലേ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.

അന്ന് നടന്നതെന്ത്?

കാലം കുറച്ച് പിന്നോട്ട് റീവൈൻഡ് ചെയ്യണം. കേരള രാഷ്ട്രീയത്തിൽ ബാർ കോഴ വിവാദം കത്തിനിൽക്കുന്ന കാലം. 2015 മാർച്ച് 13.  ബജറ്റവതരണത്തിന് എത്തിയ അന്നത്തെ ധനമന്ത്രി കെ എം മാണിക്കെതിരെ പ്രതിപക്ഷം കടുത്ത നിലപാടെടുക്കുന്നു. മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ല. 

കേരളരാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ ബജറ്റവതരിപ്പിച്ച മന്ത്രിയെന്ന റെക്കോഡിട്ട കെ എം മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും അവസാനത്തെ ബജറ്റ് സംഭവബഹുലവും കലാപകലുഷിതവുമായിരുന്നു. പ്രതിപക്ഷം എന്ത് കാണിച്ചാലും ശരി, താൻ തന്നെ ബജറ്റവതരിപ്പിക്കുമെന്ന് കെ എം മാണി പ്രഖ്യാപിച്ചു. 

തലേന്നാൾ തന്നെ പ്രതിപക്ഷം നിയമസഭയിൽ നിലയുറപ്പിച്ചിരുന്നു. തടയാൻ മുൻവാതിലിൽ സകല സന്നാഹങ്ങളുമായി കാത്തുനിന്ന പ്രതിപക്ഷത്തെ കളിപ്പിച്ച് പിൻവാതിലിലൂടെ മാണി സഭയിലെത്തി. മാണിയ്ക്ക് ചുറ്റും കവചമൊരുക്കി യുഡിഎഫ് എംഎൽഎമാരും. മുമ്പിൽ നിന്ന് മൂന്നാമത്തെ നിരയിലായിരുന്നു കെ എം മാണിയുടെ സീറ്റ്. എന്നാൽ ബജറ്റ് അവതരിപ്പിച്ചതോ ഏറ്റവും പിന്നിലെ സീറ്റിൽ നിന്നും.

സ്പീക്കറെ തടഞ്ഞ് ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ പ്രതിപക്ഷം ശ്രമിച്ചു. ബഹളമായി, സംഘർഷമായി. സഭാ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടായി പിന്നീട് നടന്ന കയ്യാങ്കളി. രാവിലെ 9.02-ന് തുടങ്ങിയ ബജറ്റ് അവതരണം 9.08 വരെ മാത്രം നീണ്ടു. മൂന്ന് പേജ് മാത്രം വായിച്ച്, ബജറ്റ് അവതരിപ്പിച്ചതായി കണക്കാക്കണമെന്ന് അപേക്ഷിച്ച് കെ എം മാണി ബജറ്റ് പ്രസംഗം തീർത്തു. അന്നത്തെ ഭരണപക്ഷം പ്രതിപക്ഷത്തെ കൂക്കി വിളിച്ചു. ലഡുവിതരണം ചെയ്തു. 

പ്രകോപിതരായ പ്രതിപക്ഷം സ്പീക്കർ എൻ ശക്തന്‍റെ ഡയസിൽ കയറി. ഉന്തും തള്ളുമായി. സ്പീക്കറെ പൊതിഞ്ഞുപിടിച്ചു വാച്ച് ആന്‍റ് വാർഡുകാർ. കഷ്ടപ്പെട്ട് പുറത്തേക്ക് കൊണ്ടുപോയി. സഭയിൽ പ്രതിപക്ഷ അക്രമം. ഭരണപക്ഷവും പ്രതിപക്ഷവും സഭ യുദ്ധക്കളമാക്കി. വി ശിവൻകുട്ടി എംഎൽഎ സ്പീക്കറുടെ ഡയസിൽ കയറി നിന്നു, ഇപ്പോഴത്തെ മന്ത്രിമാരായ കെ ടി ജലീലും ഇ പി ജയരാജനും ചേർന്ന് സ്പീക്കറുടെ കസേര ഉരുട്ടി താഴെയിട്ടു, കെ കുഞ്ഞഹമ്മദ് മാസ്റ്റർ സ്പീക്കറുടെ ഡയസിലെ മോണിറ്റർ തട്ടിത്താഴെയിട്ടു. കെ അജിത്, സി കെ സദാശിവൻ എന്നീ എംഎൽഎമാരും ഡയസിൽ കയറി അക്രമം കാട്ടി. 

അന്ന് ഉണ്ടായതെല്ലാം, ചുരുക്കത്തിൽ ഒരിക്കൽ കൂടി കാണാം:

ബഹളത്തിനിടെ ജമീലാ പ്രകാശം എംഎൽഎയെ വി ശിവദാസൻ നായർ തടഞ്ഞതും ജമീലാ പ്രകാശം ശിവദാസൻ നായരെ കടിച്ചതും നാണക്കേടായി, വിവാദമായി. മുണ്ട് മടക്കിക്കുത്തി ബജറ്റവതരണത്തിനിടെ വാച്ച് ആന്‍റ് വാർഡിന്‍റെ തോളിലൂടെ മേശപ്പുറത്ത് ചവിട്ടി മാണിക്കരികിലേക്ക് ശിവൻ കുട്ടി കുതിച്ചു. മാണിക്ക് നേരെ പാഞ്ഞടുത്ത ഇ എസ് ബിജിമോൾ എംഎൽഎയെ ഷിബുബേബി ജോൺ തടഞ്ഞതും വിവാദമായി. 

അന്ന് സ്പീക്കർ എൻ ശക്തൻ പക്ഷേ, ഇവ‍ർക്കെതിരെ നടപടിയെടുക്കാൻ തയ്യാറല്ലായിരുന്നു. ബെന്നി ബഹനാൻ അന്ന് ക്രമപ്രശ്നം ഉന്നയിച്ചപ്പോൾ സ്പീക്കർ എൻ ശക്തൻ നൽകിയ മറുപടി ഇങ്ങനെയാണ്: ''സഭയുടെ ചരിത്രത്തിൽ തന്നെ നാണം കെട്ട സംഭവമാണിത്. ഇത് ജനം കണ്ടുകൊണ്ടിരിക്കുകയാണ്. പ്രതിഷേധം ഏത് അളവ് വരെ വേണമെന്ന് തീരുമാനിക്കേണ്ടത് പ്രതിപക്ഷമാണ്. അതിനാൽ നടപടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ല''.

പിന്നീട് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി, അവതരിപ്പിച്ച പ്രമേയത്തിൻമേലാണ് പിന്നീട് അഞ്ച് പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്തത്. സഭയിൽ അക്രമം അഴിച്ച് വിട്ടതിന് അന്നത്തെ ആറ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസുമെടുത്തു.

ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം സ്പീക്കർക്കെതിരെ ആരോപണം കടുപ്പിക്കുന്നത്. അന്ന് സ്പീക്കറുടെ ഡയസിൽ കയറി കസേര തള്ളിത്താഴെയിട്ട പി ശ്രീരാമകൃഷ്ണൻ ഇന്ന് ഡയസിൽ കയറി മുദ്രാവാക്യം വിളിച്ച എംഎൽഎമാർക്കെതിരെ അച്ചടക്ക നടപടി എടുത്തത് എന്ത് ധാർമികതയുടെ പേരിലാണ്? ഇന്നലെ ഇത്തരം ഒരു നടപടിയുമുണ്ടാകില്ലെന്ന സൂചനയാണ് നൽകിയത്. ഡയസിൽ നിന്ന് ഇറങ്ങിപ്പോയ ശേഷം സ്പീക്കർ വിവിധ കക്ഷി നേതാക്കളുമായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലും ഇത്തരം നടപടിയെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. 

കൂടിയാലോചനകൾക്ക് ശേഷം നടപടി സ്വീകരിക്കുമെന്നാണ് ഇന്നലെ സ്പീക്കർ സഭയിൽ പറഞ്ഞതെന്നും എന്നാൽ അത്തരം കൂടിയാലോചനകളില്ലാതെയാണ് നടപടിയെടുത്തിരിക്കുന്നതെന്നും ചെന്നിത്തല ആരോപിക്കുന്നു. എന്നാൽ വിഷയം പരിശോധിക്കുമെന്ന് മാത്രമേ താൻ പറഞ്ഞിട്ടുള്ളൂ എന്ന് പി ശ്രീരാമകൃഷ്ണനും പറയുന്നു.

അന്ന് നിയമസഭയ്ക്ക് പുറത്തു നിന്നുള്ള ന്യൂസ് അവർ:

Follow Us:
Download App:
  • android
  • ios