Asianet News MalayalamAsianet News Malayalam

'സന്നിധാനത്തേക്കുള്ള പ്രവേശനവും മടക്കവും വൺവേ'; തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ കോടതിയെ അറിയിച്ച് സർക്കാർ

പതിനെട്ടാം പടിയിൽ പുതുതായി 100 ഐആർബി ഉദ്യോഗസ്ഥരെ നിയമിച്ചുവെന്നും മരക്കൂട്ടം മുതൽ സന്നിധാനം വരെ 420 പൊലീസുകാരെ അധികമായി നിയോഗിച്ചുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. 

rush continues in sabarimala government informed to high court about action against control rush
Author
First Published Dec 12, 2022, 5:18 PM IST

കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി സ്വീകരിച്ച നടപടികൾ ഹൈക്കോടതിയിൽ വിശദീകരിച്ച് സർക്കാരും ദേവസ്വം ബോർഡും. പതിനെട്ടാം പടിയിൽ പുതുതായി 100 ഐആർബി ഉദ്യോഗസ്ഥരെ നിയമിച്ചുവെന്നും മരക്കൂട്ടം മുതൽ സന്നിധാനം വരെ 420 പൊലീസുകാരെ അധികമായി നിയോഗിച്ചുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. 

ചന്ദ്രാനന്ദൻ റോഡ് വഴി തീർത്ഥാടകരെ കടത്തി വിടില്ലെന്ന തീരുമാനവും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. സന്നിധാനത്തേക്കുള്ള പ്രവേശനവും മടക്കവും വൺവേ ആക്കിയെന്നും സർക്കാർ അറിയിച്ചു. അതേസമയം, സർക്കാർ വിളിച്ച ആലോചനാ യോഗത്തിലെ തീരുമാനം നാളെ അറിയിക്കാൻ ജില്ലാ കളക്ടർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. നിലയ്ക്കലിലെ പാർക്കിംഗിന് ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാൻ കരാറുകാരന് നോട്ടീസ് നൽകിയെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിട്ടുണ്ട്. പാർക്കിംഗ് സൗകര്യങ്ങൾ കാര്യക്ഷമമാക്കിയില്ലെങ്കിൽ കരാറുകാരെ പുറത്താക്കണമെന്ന് കോടതി നിരീക്ഷിച്ചു. എല്ലാ തീർത്ഥാടർക്കും ദർശനത്തിന് സൗകര്യമുണ്ടാകുമെന്ന് അനൗൺസ് ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. സിറ്റിംഗ് നാളെയും തുടരും.

ശബരിമലയിൽ ഇന്നും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. 1.19 ലക്ഷം ആളുകളാണ് ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് ദർശന സമയം ഒരു മണിക്കൂർ നീട്ടിയിട്ടുണ്ട്. തിരക്ക് നിയന്ത്രിച്ച് പരിചയമുള്ള ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിന്റെ ഭാഗമായി സന്നിധാനത്തെ എസ്.പി ഹരിചന്ദ്ര നായിക്കിനെ പമ്പയിലേക്ക് മാറ്റി. പമ്പയുടെ ചുമതലയുണ്ടായിരുന്ന സുദര്‍ശന്‍ സന്നിധാനത്ത് എസ് പിയാകും. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ശബരിമലയിൽ കനത്ത തിരക്ക് അനുഭവപ്പെട്ടെങ്കിലും പതിനെട്ടാം പടി വഴി ആളുകളെ വേഗതയിൽ കയറ്റിവിടാൻ സാധിക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പതിനെട്ടാം പടിയിൽ ഡ്യൂട്ടി ചെയ്തു പരിചയമുള്ളവരെ തിരികെ വിളിച്ചത്. ഇതോടെ പതിനെട്ടാം പടി വഴി മിനിറ്റിൽ എഴുപത് പേരെ വരെ കേറ്റി വിടാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. 

അതേസമയം ശബരിമലയിലെ അനിയന്ത്രിതമായ തിരക്ക് കുറയ്ക്ക് സർക്കാർ പുതിയ നടപടികൾ പ്രഖ്യാപിച്ചു. പ്രതിദിനം ദർശനത്തിന് അനുവദിക്കുന്ന തീർത്ഥാടകരുടെ എണ്ണം 90,000 ആയി കുറച്ചു. ഒരു ലക്ഷത്തിലേറെ പേർ ദർശനത്തിന് എത്തിയാൽ തിരക്ക് നിയന്ത്രിക്കാൻ സാധിക്കില്ലെന്ന് പൊലീസ് നിർദേശം പരിഗണിച്ചാണ് പ്രതിദിന ദർശനംനടത്തുന്നതിന് നിയന്ത്രണം എർപ്പെടുത്തിയത്. മുഖ്യമന്ത്രി വിളിച്ച ഉന്നതത തല യോഗത്തിലാണ് തീരുമാനം. ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടാൻ തീരുമാനിച്ചിരുന്നു. പുലർച്ചെ 3മണിക്ക് നട തുറന്ന് ഉച്ചയ്ക്ക് 1.30ന് അടയ്ക്കും.ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ രാത്രി 11.30വരെയാണ് ദര്‍ശന സമയം. 

Follow Us:
Download App:
  • android
  • ios