കാർകീവിൽ സൈനിക പരിശീലന കേന്ദ്രത്തിൽ വ്യോമാക്രമണം നടന്നു. ബാരക്കുകളിൽ തീപിടിത്തം ഉണ്ടായി. സൈതോമിറിൽ പാർപ്പിട സമുച്ചയത്തിൽ ബോംബാക്രമണം നടന്നു
ദില്ലി: യുക്രൈനിൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് റഷ്യ. അമേരിക്ക തങ്ങളുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് സൈലൻസ്കിയെ വിളിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര കോടതിയിൽ യുക്രൈൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കാൻ തീരുമാനമായി. യുദ്ധത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ നീളുന്നു.
കാർകീവിൽ സൈനിക പരിശീലന കേന്ദ്രത്തിൽ വ്യോമാക്രമണം നടന്നു. ബാരക്കുകളിൽ തീപിടിത്തം ഉണ്ടായി. സൈതോമിറിൽ പാർപ്പിട സമുച്ചയത്തിൽ ബോംബാക്രമണം നടന്നു. ബില സെർക്‌വയിൽ ഷെല്ലാക്രമണം ഉണ്ടായി. അഞ്ചിടത്ത് സ്ഫോടനം റിപ്പോർട്ട് ചെയ്തു. ചുഹുഏവിൽ വ്യോമത്താവളത്തിന് നേരെ ആക്രമണം നടന്നു. ടിവി ടവർ ആക്രമണത്തിൽ അഞ്ച് സാധാരണക്കാർ കൊല്ലപ്പെട്ടതായും വിവരമുണ്ട്. അതിനിടെ യുദ്ധവാർത്തകൾക്ക് റഷ്യയിൽ നിയന്ത്രണം ഏർപ്പെടുത്തി.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ നയതന്ത്ര നീക്കം തള്ളിയെന്ന് ബൈഡൻ ആരോപിച്ചു. യുക്രൈനെ ആക്രമിച്ചാൽ നാറ്റോയും പാശ്ചാത്യ രാജ്യങ്ങളും പ്രതികരിക്കില്ലെന്ന് റഷ്യ കരുതി. പ്രതികരണത്തിന് ഞങ്ങൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. യുക്രൈൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കിയുമായി ചർച്ച നടത്തിയ അദ്ദേഹം സൈനിക സഹായവും ദുരിതാശ്വാസ സഹായവും തുടരുമെന്ന് ഉറപ്പ് നൽകി. റഷ്യ മറുപടി പറയേണ്ടി വരുമെന്നും ഉപരോധങ്ങൾ ഫലം കണ്ട് തുടങ്ങിയെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു.
റഷ്യക്കെതിരായ യുക്രൈന്റെ പരാതിയിൽ അന്താരാഷ്ട്ര കോടതി വാദം കേൾക്കുമെന്ന് അറിയിച്ചു. മാർച്ച് ഏഴിനും എട്ടിനുമാണ് വാദം കേൾക്കുക. യുദ്ധക്കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി. അതിനിടെ ആപ്പിൾ കമ്പനി റഷ്യയിലെ വിൽപ്പന നിർത്തിവെച്ചു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ കീവിൽ നിന്ന് മാറി. കീവും കാർഖീവും പിടിക്കാൻ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് റഷ്യ. പ്രധാന നഗരങ്ങളിൽ നിന്ന് ജനം മാറണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റഷ്യയുടെ രണ്ട് ലക്ഷം റഷ്യൻ സൈനികരിൽ 1.60 ലക്ഷം പേർ യുക്രൈനിലെത്തിയെന്നാണ് ഒടുവിലത്തെ വിവരം.
