Asianet News MalayalamAsianet News Malayalam

ജന്മനാ ഗുരുതര ഹൃദയ വൈകല്യം, ഒരുവയസുകാരന്‍റെ ജീവൻ തിരിച്ച് പിടിച്ച് ശസ്ത്രക്രിയ, വീണ്ടുമൊരു വിജയഗാഥ

ഗര്‍ഭാവസ്ഥയില്‍ തന്നെ ഹൃദയ വൈകല്യം ഫീറ്റല്‍ എക്കോയുടെ സഹായത്തോടെ കണ്ടുപിടിക്കുകയും തുടര്‍ന്ന് പ്രസവാനന്തരം എസ്.എ.ടി. ആശുപത്രിയില്‍ തന്നെ കുഞ്ഞിന് തുടര്‍ ചികിത്സ നടത്തി വരികയായിരുന്നു. 

s a t thiruvananthapuram hospital successfully performed advanced-heart surgery vkv
Author
First Published Jun 6, 2023, 7:55 PM IST

തിരുവനന്തപുരം: ഏഴു കിലോ തൂക്കവും ജന്മനാ ഹൃദയ വൈകല്യവുമുള്ള (സയനോട്ടിക് ഹാര്‍ട്ട് ഡിസീസ്) ഒന്നേകാല്‍ വയസുള്ള കുഞ്ഞിന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ എസ്.എ.ടി. ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. 2021 സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച ശേഷം ഇതുവരെ നൂറോളം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകള്‍ ഇവിടെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. എസ്.എ.ടി. ആശുപത്രിയില്‍ ആദ്യമായാണ് സയനോട്ടിക് ഹൃദയ വൈകല്യത്തിനുള്ള ശാസ്ത്രക്രിയ ചെയ്യുന്നത്. കേരളത്തില്‍ തന്നെ വളരെ കുറച്ച് ആശുപത്രികളില്‍ മാത്രമേ ഇതിനുള്ള സൗകര്യമുള്ളൂ.

ജന്മനായുള്ള ഗുരുതര ഹൃദയ വൈകല്യത്തിനുള്ള ശസ്ത്രക്രിയ എസ്.എ.ടി. ആശുപത്രിയില്‍ യാഥാര്‍ത്ഥ്യമാക്കിയ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി അഭിനന്ദിച്ചു. മന്ത്രി കുഞ്ഞിനെ സന്ദര്‍ശിക്കുകയും മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തു. കൊല്ലം ഉറിയാക്കോവില്‍ സ്വദേശിയായ രാഹുലിന്റേയും അശ്വതിയുടേയും ഇരട്ട മക്കളില്‍ ഒരാളായ കുഞ്ഞിനാണ് ശസ്ത്രക്രിയ നടത്തിയത്. ഗര്‍ഭാവസ്ഥയില്‍ തന്നെ ഹൃദയ വൈകല്യം ഫീറ്റല്‍ എക്കോയുടെ സഹായത്തോടെ കണ്ടുപിടിക്കുകയും തുടര്‍ന്ന് പ്രസവാനന്തരം എസ്.എ.ടി. ആശുപത്രിയില്‍ തന്നെ കുഞ്ഞിന് തുടര്‍ ചികിത്സ നടത്തി വരികയായിരുന്നു. 

ഈ കഴിഞ്ഞ മേയ് 31നാണ് ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞ് പൂര്‍ണമായി സുഖം പ്രാപിച്ചു വരുന്നു. ഹൃദയം നിര്‍ത്തിവെച്ചുള്ള അതിസങ്കീര്‍ണമായ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത് കാര്‍ഡിയോതൊറാസിക് സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോ. വിനു, ഡോ. നിവിന്‍, ഡോ. സുരേഷ്, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. അരുണ്‍ ഡോ. ഡിങ്കിള്‍ എന്നിവരാണ്. സര്‍ക്കാരിന്റെ കീഴില്‍ എസ്.എ.ടി ആശുപത്രിയിലാണ് കുട്ടികള്‍ക്ക് മാത്രമായുള്ള ഹൃദയ ശസ്ത്രക്രിയ തീയറ്ററും കാത്ത്‌ലാബും ഉള്ളത്. കാത്ത്‌ലാബിലൂടെ ഇതിനോടകം 450 ല്‍ പരം കീഹോള്‍ ശസ്ത്രക്രിയകളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. 

പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ ഡോ. ലക്ഷ്മി, ഡോ. ഹരികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നവജാത ശിശുക്കളില്‍ കാണപ്പെടുന്ന ഗുരുതരമായ ഹൃദ്രോഗങ്ങള്‍ക്ക് ആവശ്യമായ അടിയന്തര ചികിത്സയായ പിഡിഎ സ്റ്റെന്റിങ് കഴിഞ്ഞ ആറുമാസത്തിനകം 10 നവജാത ശിശുക്കളില്‍ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, ആര്‍.എം.ഒ. ഡോ. റിയാസ്, ഡോ. ലക്ഷ്മി എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Read More : 'പ്രതിസന്ധി കാലത്ത് പണം ചെലവഴിക്കുന്നതാണ് കല'; ധനവകുപ്പിനെ ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി
 

Follow Us:
Download App:
  • android
  • ios