നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്ന് രാജേന്ദ്രനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കാന്‍ ജില്ലാ കമ്മിറ്റി ശുപാര്‍ശ നല്‍കിയിരുന്നു
ഇടുക്കി: സിപിഎം (CPM) ഇടുക്കി ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് എസ് രാജേന്ദ്രൻ (S Rajendran). പ്രധാനപ്പെട്ട സമ്മേളനത്തില്‍ ഉറപ്പായും പങ്കെടുക്കുമെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന്‍ പറഞ്ഞു. ബ്രാഞ്ച് ഏരിയ സമ്മേളനങ്ങളിൽ നിന്ന് വിട്ടുനിന്ന രാജേന്ദ്രൻ ജില്ലാ സമ്മേളനത്തിന് എത്തുമോ എന്നതില്‍ വ്യക്തതയില്ലായിരുന്നു. എന്നാല്‍ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് രാജേന്ദ്രന്‍ വ്യക്തമാക്കിയിരിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്ന് രാജേന്ദ്രനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കാന്‍ ജില്ലാ കമ്മിറ്റി ശുപാര്‍ശ നല്‍കിയിരുന്നു. ദേവികുളം തെരഞ്ഞെടുപ്പിലെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കാൾ രാജേന്ദ്രൻ സമ്മേളനങ്ങളിൽ പങ്കെടുക്കാതിരുന്നതാണ് ജില്ലാ നേതൃത്വത്തെ കൂടുതൽ ചൊടിപ്പിച്ചത്. പാര്‍ട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ശുപാര്‍ശ ചെയ്യാനും ഇതുതന്നെ കാരണം. അതേസമയം ജില്ലാ നേതാക്കൾ കേൾക്കാതിരുന്ന തന്‍റെ പരാതികൾ സംസ്ഥാന നേതൃത്വത്തിന് മുന്നിൽ വച്ച് ശിക്ഷയിൽ ഇളവ് നേടുകയാണ് രാജേന്ദ്രന്‍റെ ലക്ഷ്യം. നാളെ മുതൽ കുമളിയിലാണ് ഇടുക്കി ജില്ലാ സമ്മേളനം.
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് രാജേന്ദ്രനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കാന്‍ ജില്ലാ കമ്മിറ്റി ശുപാര്‍ശ നല്‍കിയത്. ഇത്തവണ സീറ്റ് കിട്ടാതിരുന്ന രാജേന്ദ്രൻ പ്രചാരണങ്ങളിൽ സജീവമായിരുന്നില്ലെന്ന് മാത്രമല്ല സ്ഥാനാര്‍ത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നുമാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തൽ. രണ്ടംഗ കമ്മീഷന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ എസ് രാജേന്ദ്രനെ പാര്‍ട്ടിയിൽനിന്ന് പുറത്താക്കാൻ ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ശുപാര്‍ശ ചെയ്തു. ആരോപണങ്ങളിൽ വിശദീകരണം നൽകാത്തതിന് പുറമേ സമ്മേളനങ്ങളിൽ നിന്ന് വിട്ടുനിന്നത് കൂടിയാണ് ജില്ലാ കമ്മിറ്റിയെ കൂടുതൽ പ്രകോപിപ്പിച്ചത്. സമ്മേളനങ്ങളിലെല്ലാം രാജേന്ദ്രനെതിരെ എം എം മണി തുറന്നടിച്ചതെല്ലാം നടപടി ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലായിരുന്നു.
