Asianet News MalayalamAsianet News Malayalam

സിന്ധു സൂര്യകുമാറിനെതിരായ എസ് സുദീപിന്റെ ഫെയ്സ്ബുക് പോസ്റ്റ് ഹൈക്കോടതി പിൻവലിപ്പിച്ചു

നിയമവഴിയിൽ മെറ്റ കമ്പനിയുമായി പുതിയൊരു അദ്ധ്യായം കൂടിയാണ് ഈ കേസ് തുറന്നിടുന്നത്

S Sudheep facebook post against Sindhu Sooryakumar withdrawn in kerala high court intervention kgn
Author
First Published Dec 29, 2023, 1:35 PM IST

കൊച്ചി: ഹൈക്കോടതി ഇടപെടലിൽ ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെതിരായ അശ്ലീല പോസ്റ്റ് മുൻ സബ് ജഡ്ജ് എസ്. സുദീപ് പിൻവലിച്ചു. രാജ്യത്തിനുള്ളിൽ മാത്രം പോസ്റ്റ് നീക്കിയ ഫെയ്സ്ബുക്ക് നടപടി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയാണ് പ്രതിയായ സുദീപിനെ കൊണ്ട് തന്നെ കോടതി പോസ്റ്റ് നീക്കം ചെയ്യിപ്പിച്ചത്. സാധാരണ കേസുകളിൽ പൊലീസ് തന്നെ പോസ്റ്റ് നീക്കി ഉറപ്പാക്കേണ്ട നീതി ഫെയ്സ്ബുക്ക് മാതൃ കമ്പനിയായ മെറ്റയെ കക്ഷിചേർത്തുള്ള മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സാധ്യമായത്.

കഴിഞ്ഞ ജൂലൈ മാസത്തിൽ ഹീനമായ ഭാഷയിലെഴുതിയ ഫെയ്സ്ബുക്ക് അശ്ലീല പോസ്റ്റിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പൊലീസും കേസെടുത്തു. എന്നിട്ടും പോസ്റ്റ് പിൻവലിക്കാതിരുന്ന എസ് സുദീപ് ഒടുവിൽ ഹൈക്കോടതി ഇടപെടലിൽ അഞ്ച് മാസങ്ങൾക്ക് ശേഷം പോസ്റ്റ് നീക്കം ചെയ്തു.

കേസ് ഹൈകോടതിയിലെത്തിയതോടെ  ഈ പോസ്റ്റിന് ഫെയ്സ്ബുക്ക് മാതൃകമ്പനിയായ മെറ്റ രാജ്യത്തിനുള്ളിൽ പൂട്ടിട്ടിരുന്നു. എന്നാൽ ഇന്ത്യയിൽ മാത്രമാണ് പോസ്റ്റിന് ജിയോ ബ്ലോക്കിംഗ് മെറ്റ നടത്തിയത്. ഇതോടെ  വിദേശരാജ്യങ്ങളിൽ പോസ്റ്റ് അതേപോലെ തുടർന്നു. വിഷയം ശ്രദ്ധയിൽപെടുത്തിയപ്പോൾ പോസ്റ്റ് എല്ലായിടത്ത് നിന്നും നീക്കം ചെയ്യണമെന്നും പ്രചരിപ്പിക്കുന്നത് തടയണമെന്നും ഹൈക്കോടതി ജഡ്‌ജ് മുഹമ്മദ് നിയാസ് ശക്തമായ നിലപാട് എടുത്തു. ഇതോടെയാണ് സുദീപിന് തന്നെ പോസ്റ്റ് നീക്കം ചെയ്യാൻ നിശ്ചിത സമയം മെറ്റ അനുവദിച്ചത്. 

പിന്നാലെ മുൻ സബ് ജഡ്ജ് തന്റെ അക്കൗണ്ടിൽ നിന്ന് അശ്ലീല പോസ്റ്റ് നീക്കം ചെയ്തു. നിയമവഴിയിൽ മെറ്റ കമ്പനിയുമായി പുതിയൊരു അദ്ധ്യായം കൂടിയാണ് ഈ കേസ് തുറന്നിടുന്നത്. ഹൈക്കോടതിയുടെ അധികാര പരിധിൽ അല്ലാത്തതിനാൽ രാജ്യത്തിന് പുറത്ത് അശ്ലീല പോസ്റ്റ് നീക്കം ചെയ്യാനാകില്ലെന്നായിരുന്നു കേസ് പരിഗണിച്ചപ്പോൾ മെറ്റയുടെ നിലപാട്. മുൻ സബ് ജഡ്ജ് എഴുതിയത് ആരും ആരെക്കുറിച്ചും എഴുതാൻ പാടില്ലാത്ത ഭാഷയെന്ന് പരാമർശിച്ച ജസ്റ്റിസ് മുഹമ്മദ് നിയാസ് എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഉടൻ പോസ്റ്റ് നീക്കം ചെയ്യണമെന്ന ഉത്തരവിൽ ഉറച്ച് നിന്നു. കോടതിയുടെ അധികാര അതിർത്തി സംബന്ധിച്ച മെറ്റയുടെ വാദം വിശദമായി പിന്നീട് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ഇതോടെയാണ് മെറ്റ കമ്പനി എസ് സുദീപിന് ഈ പോസ്റ്റിൽ ആക്സെസ് അനുവദിച്ചതും അശ്ലീല പോസ്റ്റ് പ്രതി തന്നെ നീക്കം ചെയ്തതും. 

വാദത്തിനിടെ കേസിൽ കുറ്റപ്പത്രം സമർപ്പിച്ചതായി കന്‍റോൺമെന്‍റ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഐടി വകുപ്പിലെയടക്കം നിസാര വകുപ്പുകൾ ചുമത്തി കേസെടുത്ത പൊലീസ്, പ്രതിയെ ചോദ്യം ചെയ്യാനോ അശ്ലീല പോസ്റ്റിട്ട ഉപകരണങ്ങൾ പിടിച്ചെടുക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. പോസ്റ്റ് നീക്കം ചെയ്യണമെന്ന ആവശ്യം പൊലീസ് സാങ്കേതികത്വം പറഞ്ഞ് ഒഴിഞ്ഞതോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ കഴിഞ്ഞ നവംബറിൽ ഹൈക്കോടതിയെ സമീപിച്ചത്.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

Latest Videos
Follow Us:
Download App:
  • android
  • ios