എടുത്തത് മികച്ച ഫ്രെയിം ആണെന്ന് ശബരിക്ക് അത്രമേല്‍ ഉറപ്പായിരുന്നു. മാത്രമല്ല, ഈ ചിത്രത്തിന് ഒരു അവാര്‍ഡ് ലഭിക്കുമെന്നും.
തിരുവനന്തപുരം: കടം വാങ്ങിയ ക്യാമറയില്‍ ഒരു സമ്മാന ചിത്രം. സംസ്ഥാന വന്യജീവി ഫോട്ടോഗ്രാഫി പുരസ്കാരത്തില്‍ സമാശ്വാസ സമ്മാനമാണ് വന്യജീവി ഫോട്ടോഗ്രാഫര്‍ ശബരി ജാനകിയെ തേടിയെത്തിയത്. ദേശീയ അന്തര്‍ദേശീയ തലത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള ശബരിക്ക് ഇത് രണ്ടാം തവണയാണ് ഈ അവാര്‍ഡ് ലഭിക്കുന്നത്. മൂന്നാറിലെ പുല്‍മേടുകളിലൂടെ ഒന്നിന് പുറകെ ഒന്നായി നടന്ന് പോകുന്ന അമ്പതോളം കാട്ടുപോത്തുകളുടെ ചിത്രത്തിനാണ് ശബരി സമ്മാനാര്‍ഹനായത്. അത് സ്വന്തം ക്യാമറയില്‍ പകര്‍ത്തിയ ചിത്രമല്ലെന്ന് ശബരി ജാനകി പറയുന്നു.
ആ കഥ ഇങ്ങനെ: വനം വകുപ്പിന്‍റെ നാല് ദിവസത്തെ ക്യാമ്പിനെത്തിയതായിരുന്നു ശബരി ജാനകി അടങ്ങുന്ന സംഘം. മൂന്നാറില്‍ നിന്ന് ബേസ് ക്യാമ്പിലേക്ക് ആറ് മണിക്കൂര്‍ നടക്കണം. ക്യാമറയോടൊപ്പം നാല് ദിവസത്തേക്കുള്ള ഭക്ഷണം അടക്കമുള്ള സാധനങ്ങളും ചുമന്നാണ് യാത്ര. ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങിയ നടത്തം ഒടുവില്‍ ക്യാമ്പിലെത്തുമ്പോള്‍ രാത്രി ഒമ്പത് മണി. യാത്രയ്ക്കിടെ മഞ്ഞു വീണ പുല്‍മേട്ടില്‍ നിന്ന് കാലുതെറ്റി ശബരി വീണു. അത്രമേല്‍ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന ക്യാമറ കല്ലില്‍ തട്ടി പൊട്ടി. മനോഹരമായ മൂന്നറിലെ ബേസ് ക്യാമ്പിലൂടെ നാലാം ദിവസത്തെ സര്‍വ്വേയ്ക്കായി നടക്കുമ്പോഴാണ് എതിര്‍വശത്തെ കുന്നിന്‍ ചരുവില്‍ ആ മനോഹര കാഴ്ച ശബരി കണ്ടത്. ഒന്നിന് പുറകെ ഒന്നെന്ന കണക്കിന് ഏതാണ്ട് അമ്പതോളം കാട്ടുപോത്തുകള്‍ നടന്നു നീങ്ങുന്നു.

ഇത്രയും മനോഹരമായ കാഴ്ച കണ്ട് വെറുതെ മടങ്ങാന്‍ ശബരിക്കായില്ല. അദ്ദേഹം കൂടെയുണ്ടായിരുന്ന ഗുരുവായൂര്‍ സ്വദേശി ശ്രീനിവാസന്‍റെ ക്യാമറ കടം വാങ്ങി, സ്വന്തം മെമ്മറിക്കാര്‍ ഇട്ട് ആ മനോഹര ചിത്രമെടുത്തു. മൂന്നോ നാലോ ക്ലിക്ക്. എടുത്തത് മികച്ച ഫ്രെയിം ആണെന്ന് ശബരിക്ക് അത്രമേല്‍ ഉറപ്പായിരുന്നു. മാത്രമല്ല, ഈ ചിത്രത്തിന് ഒരു അവാര്‍ഡ് ലഭിക്കുമെന്നും. അത് കൂടെയുണ്ടായിരുന്ന മറ്റുള്ളവരോട് പങ്കുവച്ചതായും ശബരി പറയുന്നു.
ശബരിയുടെ പ്രതീക്ഷകള്‍ തെറ്റിയില്ല. സംസ്ഥാന വന്യജീവി ഫോട്ടോഗ്രാഫി പുരസ്കാരത്തില്‍ സമാശ്വാസ സമ്മാനം അദ്ദേഹത്തെ തേടിയെത്തി. ലണ്ടന്‍ ആസ്ഥാനമായുള്ള നാച്ചുറല്‍ ഹിസ്റ്ററിക് മ്യൂസിയം നടത്തുന്ന വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ഇയര്‍ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളിലൊരാളായിരുന്നു അദ്ദേഹം. സാങ്ങ്ച്വറി ഏഷ്യ അവാര്‍ഡ് അടക്കം നിരവധി പുസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മഞ്ചേരി എളംകൂര്‍ സ്വദേശിയായ ശബരി, മൃഗസംരക്ഷണ വകുപ്പില്‍ ഉദ്യോഗസ്ഥനാണ്. ആരോഗ്യവകുപ്പില്‍ ജോലി ചെയ്യുന്ന ഭാര്യ സബിനയുടെയും മക്കളായ നമികയും നന്ദയും തന്‍റെ യാത്രകള്‍ക്കുള്ള എല്ലാ പിന്തുണയും നല്‍കുന്നെന്ന് ശബരി കൂട്ടിചേര്‍ക്കുന്നു.
കൂടുതല്‍ വായനയ്ക്ക്: Sooty Tern: ഉറങ്ങിക്കൊണ്ട് പറക്കുന്ന, 'ഉലകം ചുറ്റും വാലിബൻ' കേരളത്തിലും
