മുംബൈ: യൂട്യൂബിൽ ഡോ വിജയ് നായർ നടത്തിയ ലൈംഗിക അധിക്ഷേപങ്ങളോട് പ്രതികരിച്ച് മുംബൈയിലെ പ്രമുഖ ആക്ടിവിസ്റ്റ് തൃപ്തി ദേശായി. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് അയച്ച പ്രത്യേക വീഡിയോ സന്ദേശത്തിലാണ് വിജയ് നായർക്കെതിരായ പ്രതികരണം. വിജയ് നായരെ മർദ്ദിക്കുകയും ദേഹത്ത് കരിഓയിൽ ഒഴിക്കുകയും ചെയ്ത ഭാഗ്യലക്ഷ്മി, ദിയ സന അടക്കമുള്ളവരെ അഭിനന്ദിക്കുന്നതായും അവർ പറഞ്ഞു.

"2021 ൽ എത്തിയപ്പോൾ സ്ത്രീകൾ ഒരുപാട് കാര്യങ്ങളിൽ മുന്നിലെത്തിയിട്ടുണ്ട്. പല മേഖലകളിലും പുരുഷന്മാരോടൊപ്പം തോളോട് തോൾ ചേർന്ന് സ്ത്രീകളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ സ്ത്രീകൾ ഇത്തരത്തിൽ മുന്നോട്ട് വരുന്നതിൽ ഒരുപാട് പേർക്ക് എതിർപ്പുണ്ട്. പ്രത്യേകിച്ചും വിജയ് നായരെ പോലുള്ള ആളുകൾക്ക്.  പല മേഖലകളിലും പ്രവർത്തിക്കുന്ന സ്ത്രീകളെ കുറിച്ച് ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ അപവാദങ്ങൾ പ്രചരിപ്പിക്കുകയും ലൈംഗിക അധിക്ഷേപം നടത്തിയുമാണ് എതിർപ്പ് പ്രകടിപ്പിക്കുന്നത്."

Read more at: 'ആദ്യം തെറി വിളിച്ചതും കയ്യേറ്റം ചെയ്തതും അയാള്‍'; ഭാഗ്യലക്ഷ്മിയും ദിയയും ശ്രീലക്ഷ്മിയും...

"ശബരിമല ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിന് എന്നെയും ഇയാൾ യൂട്യൂബ് വീഡിയോയിൽ അധിക്ഷേപിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് കേരളത്തിലെ ഒരു കൂട്ടം വനിതകൾ  ഇയാൾക്കെതിരെ പ്രതികരിച്ച് കൊണ്ട് മുന്നോട്ട് വന്നതിനെ ഞാൻ അഭിനന്ദിക്കുന്നു. ഇവിടെ പൊലീസും നിയമവ്യവസ്ഥയുമുണ്ട്. എന്നാൽ നിരന്തരം സ്ത്രീകൾക്കെതിരെ അപവാദങ്ങളും ലൈംഗിക അധിക്ഷേപവും നടക്കുന്നു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാത്തപ്പോൾ സ്ത്രീകൾ തന്നെ മുന്നോട്ട് വരണം. ഇത് വിജയ് നായർക്കെതിരെ മാത്രമല്ല, ഈ മാനസികാവസ്ഥയിലുള്ള എല്ലാവർക്കും എതിരെയും പ്രതികരിക്കണം. ഈ മനോഭാവം അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു. ഇതിന് എല്ലാ സ്ത്രീകളും ഒരുമിച്ച് മുന്നോട്ട് വരണം. വിജയ് നായരെ പോലെ സ്ത്രീകളെ അധിക്ഷേപിക്കുന്നവരെ പാഠം പഠിപ്പിക്കേണ്ട സമയമാണിത്", എന്നും തൃപ്തി ദേശായി പ്രതികരിച്ചു. 

"

ഇനി ഒരു സ്ത്രീക്കെതിരെയും വിജയ് നായർ ഇത്തരത്തിൽ സംസാരിക്കരുതെന്ന് പറഞ്ഞായിരുന്നു സ്ത്രീകളുടെ ആക്രമണം. പലവട്ടം വിജയ് നായരുടെ മുഖത്തടിക്കുകയും ദേഹത്ത് കരി ഓയിൽ ഒഴിക്കുകയും ചെയ്തു. പൊലീസില്‍ നിന്ന് നീതി കിട്ടിയില്ലെന്നും അതുകൊണ്ടാണ് അപമാനിച്ചയാളെ കയ്യേറ്റം ചെയ്തതെന്നും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്‍മി പറഞ്ഞു. നിയമം കയ്യില്‍ എടുക്കരുത് എന്ന് തന്നെയാണ് ആഗ്രഹം. ഇത്രയും തെറിവിളിച്ചപ്പോള്‍ സംരക്ഷിക്കാന്‍ ആരുമുണ്ടായിട്ടില്ല. അറസ്റ്റ് ചെയ്യട്ടെ, ഇതിന്‍റെ പേരില്‍ ജയിലില്‍ പോകാന്‍ മടിയില്ലെന്നും ഭാഗ്യലക്ഷ്‍മി പറഞ്ഞു. 

Read more at: ഞങ്ങളെ ഇത്രേം തെറി പറഞ്ഞപ്പോള്‍ സംരക്ഷിക്കാന്‍ നിയമമില്ലായിരുന്നല്ലോ?- ഭാഗ്യലക്ഷ്മി

സ്ത്രീകളുടെ കൈയേറ്റത്തില്‍ തനിക്ക് പരാതിയില്ലെന്ന് ഡോ. വിജയ് പി നായർ പ്രതികരിച്ചു. എന്നെ ആക്രമിച്ചത് അവരുടെ വൈകാരിക പ്രകടനമാണെന്നും ഞാൻ സ്ത്രീകളോട് മാപ്പ് പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീഡിയോ തയ്യാറാക്കിയത്. വീഡിയോ ഇത്ര വൈറലാകുമെന്ന് താൻ കരുതിയില്ല. എന്റെ ലാപ്ടോപ്പും മൊബൈലും ആക്രമിച്ചവർ കൊണ്ടുപോയെന്നും വിജയ് ആരോപിച്ചു.

യൂട്യൂബിൽ സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ അടങ്ങുന്ന വീഡിയോ വിജയ് പി നായര്‍ പങ്കുവച്ചിരുന്നു. ചിലരുടെ പേര് പരാമർശിച്ചും ചിലരുടേത് പരാമർശിക്കാതെയുമായിരുന്നു അധിക്ഷേപം. തൃപ്തി ദേശായിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു ലൈംഗിക അധിക്ഷേപം നടത്തിയത്. കേരളത്തിലെ ഫെമിനിസ്റ്റുകളെയും ലൈംഗിക ചുവയോടെ അധിക്ഷേപിക്കുന്നതായിരുന്നു വീഡിയോ.