Asianet News MalayalamAsianet News Malayalam

ശബരിമല യുവതീ പ്രവേശനത്തിൽ മനംമാറ്റം, പുതിയ സത്യവാങ്മൂലം നൽകാൻ ദേവസ്വം ബോർഡ്

ശാന്തമായ നിലവിലെ മണ്ഡല-മകരവിളക്ക് കാലവും വരുമാനം കൂടിയതുമൊക്കെ പരിഗണിച്ചാണ് ബോർഡ് നിലപാട് മാറ്റത്തിനൊരുങ്ങുന്നത്. ബോർഡിന് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് പറഞ്ഞ ദേവസ്വമന്ത്രിയും സർക്കാർ പിന്തുണ വ്യക്തമാക്കുന്നു.

sabarimala  Devaswom Board to file new affidavit in supreme court
Author
Thiruvananthapuram, First Published Jan 9, 2020, 12:56 PM IST

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ നിലപാടില്‍ അയഞ്ഞ്  സർക്കാറും ദേവസ്വം ബോർഡും.  സുപ്രീം കോടതി അന്തിമതീരുമാനം എടുക്കും മുമ്പ് ഹിന്ദുമത ആചാര്യന്മാരുടെ അഭിപ്രായം കണക്കിലെടുക്കണമെന്ന് ദേവസ്വം മന്ത്രി പ്രതികരിച്ചു. ആചാരസംരക്ഷണം വേണമെന്ന അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് പുതിയ സത്യവാങ്മൂലം നൽകാനുള്ള നീക്കത്തിലാണ് ദേവസ്വം ബോർഡ്. സുപ്രീംകോടതിയില്‍ നിലപാടറിയിക്കാന്‍ ബോര്‍ഡ് അടിയന്തരയോഗം വിളിച്ചു. രണ്ട് ദിവസത്തിനുള്ളിൽ ദേവസ്വം ബോർഡ് നിലപാട് എടുക്കുമെന്ന് പ്രസിഡന്റ് എന്‍ വാസു വ്യക്തമാക്കി. 

യുവതീപ്രവേശനത്തിൽ ഉറച്ചുനിന്ന സംസ്ഥാന സർക്കാറും ദേവസ്വം ബോർഡും പിന്നോട്ട് പോകുകയാണ്. കേസുകൾ പരിഗണിക്കാൻ സുപ്രീം കോടതി ഒൻപതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതിന് പിന്നാലെ നിലപാട് മാറ്റം വ്യക്തമാക്കുകയാണ് സർക്കാറും ബോർഡും. കേസിൽ ആരുടെയൊക്കെ വാദം കേൾക്കണമെന്ന് 13ന് കോടതി തീരുമാനിക്കാനിരിക്കെയാണ് നിർണ്ണായകമായ നീക്കങ്ങൾ.

ആചാരങ്ങൾ സംരക്ഷിക്കണമെന്ന  അഭിപ്രായം കൂടി പരിഗണിച്ചാകും ബോർഡ് നിലപാട് അറിയിക്കുക എന്നാണ് സൂചന. എല്ലാകാര്യങ്ങളും പരിഗണിക്കുമെന്നും രണ്ട് ദിവസത്തിനുള്ളിൽ നിലപാട് എടുക്കുമെന്നും പ്രസിഡണ്ട് എൻവാസു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുവതീപ്രവേശനത്തെ അനുകൂലിക്കുന്ന സത്യവാങ്മൂലമാണ് പദ്മകുമാർ പ്രസിഡണ്ടായ ബോർഡ് കോടതിയെ അറിയിച്ചത്. ശാന്തമായ നിലവിലെ മണ്ഡല-മകരവിളക്ക് കാലവും വരുമാനം കൂടിയതുമൊക്കെ പരിഗണിച്ചാണ് ബോർഡ് നിലപാട് മാറ്റത്തിനൊരുങ്ങുന്നത്. ബോർഡിന് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് പറഞ്ഞ ദേവസ്വമന്ത്രിയും സർക്കാർ പിന്തുണ വ്യക്തമാക്കുന്നു. യുവതീപ്രവേശനത്തിൽ തെറ്റ് തിരുത്തൽ പ്രഖ്യാപിച്ച സിപിഎം വിശ്വാസികളുമായി വീണ്ടും ഏറ്റുമുട്ടലിനും തയ്യാറല്ലെന്ന് വ്യക്തമാണ്. 

Follow Us:
Download App:
  • android
  • ios