ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ സ്വര്‍ണ പീഠം കാണാതായ സംഭവത്തിൽ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ് പിഎസ് പ്രശാന്തിന് മറുപടിയുമായി സ്പോണ്‍സര്‍ ഉണ്ണികൃഷ്ണൻ പോറ്റി. ഗൂഢാലോചനയില്ലെന്നും സംഭവിച്ചത് ഓര്‍മ്മക്കുറവാണെന്നും ഉണ്ണികൃഷ്ണൻ.
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ സ്വര്‍ണ പീഠം കാണാതായ സംഭവത്തിൽ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ് പിഎസ് പ്രശാന്തിന് മറുപടിയുമായി സ്പോണ്‍സര്‍ ഉണ്ണികൃഷ്ണൻ പോറ്റി. സ്വര്‍ണ പീഠം കാണാതാവുകയും പിന്നീട് തന്‍റെ സഹോദരിയുടെ വീട്ടിൽ നിന്ന് കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന് സ്പോണ്‍സര്‍ ഉണ്ണികൃഷ്ണൻ പോറ്റി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.കാണാതായ സംഭവത്തിൽ താൻ എവിടെയും പരാതി നൽകിയിട്ടില്ല. ഹൈക്കോടതി സ്വമേധയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനോ ദേവസ്വത്തിന്‍റെ പേര് ചീത്തയാക്കാൻ ഉദ്ദേശിച്ചിട്ടില്ല.
പീഠം വാസുദേവന്‍റെ വീട്ടിലുണ്ടായിരുന്നത് അറിഞ്ഞില്ല
തനിക്കും വാസുദേവനും പറ്റിയ ഒരു ഓർമ്മക്കുറവ് മാത്രമാണിത്. പീഠം വാസുദേവന്‍റെ വീട്ടിലുണ്ടായിരുന്നത് താൻ അറിഞ്ഞിരുന്നില്ല. വാർത്ത ആയപ്പോഴാണ് വാസ്തുദേവൻ പീഠവുമായി വീട്ടിലെത്തിയത്. ഉത്തരവാദിത്വം തനിക്ക് മാത്രമാകും എന്നതിനാലാണ് അന്ന് അക്കാര്യം വിജിലന്‍സിനെ അറിയിക്കാതിരുന്നത്. താനാണ് വാസുദേവനോട് എല്ലാ കാര്യങ്ങളും തുറന്നു പറയാൻ പറഞ്ഞത്. വാസുദേവൻ നിരപരാധിയാണ്. ദേവസം ഉദ്യോഗസ്ഥരാണ് പീഠം വാസുദേവന്‍റെ കയ്യിൽ കൊടുത്തയച്ചത്. മഹസറിൽ രേഖപ്പെടുത്താതെയായിരുന്നു അന്ന് കൊടുത്തയച്ചത്. പിന്നീട് അന്വേഷണം ഉണ്ടായില്ല. തങ്ങളും ഇക്കാര്യം മറന്നു പോയി. ഏത് അന്വേഷണത്തെയും നേരിടുമെന്നും വിജിലൻസിന്‍റെ അന്വേഷണവുമായി സഹകരിക്കുമെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.അഭിഭാഷകനുമായി ആലോചിച്ച് കൂടുതൽ നടപടികളെടുക്കും. കോടതിയാണ് എല്ലാത്തിനും മുകളിലുള്ളത്. ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ട കോടതി ഉത്തരവിനെ താൻ സ്വാഗതം ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും വിഷയമല്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.



