ശബരിമലയിലെ നെയ്യ് ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിൽ ദേവസ്വം മന്ത്രി കെ മുരളീധരൻ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ കണ്ടെത്തലുകൾ ഉണ്ടായതിനെ തുടർന്നാണ് നടപടി

പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ദേവസ്വം മന്ത്രി കെ മുരളീധരൻ ഉത്തരവിട്ടു. വിഷയത്തിൽ ദേവസ്വം സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ കണ്ടെത്തലുകൾ പുറത്തുവന്നതിനെ തുടർന്ന് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ ദേവസ്വം വിജിലൻസിന് നിർദേശം നൽകിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർക്ക് അന്വേഷണ ചുമതല നൽകിയിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വീഴ്ചയില്ലെന്ന് ചെയർമാൻ

അതേസമയം ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് മിൽമയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന അവകാശവാദവുമായി ചെയർമാൻ കെ എസ് മണി നേരത്തെ രംഗത്തെത്തിയിരുന്നു. ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് മിൽമയ്‌ക്കെതിരെ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മിൽമയുടെ ഉൽപ്പന്നങ്ങളിൽ യാതൊരു കൃത്രിമവും നടന്നിട്ടില്ലെന്നുമാണ് ചെയർമാൻ പറയുന്നത്. മിൽമയുടെ നെയ്യ് വേണ്ടെന്ന് ദേവസ്വം ബോർഡ് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും, മറിച്ച് പുറമെ നിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്നാണ് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് ലാബിൽ പരിശോധിച്ച ശേഷം ഉയർന്ന ഗുണനിലവാരം ഉറപ്പാക്കിയാണ് ശബരിമലയിലേക്ക് നെയ്യ് അയച്ചതെന്നും, ഗുണനിലവാരത്തിൽ വീഴ്ചയുണ്ടായതായി ദേവസ്വം ബോർഡ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അതിൽ മിൽമയ്ക്ക് യാതൊരു പങ്കുമില്ലെന്നും അമിതലാഭത്തിനു വേണ്ടി മിൽമ കൃത്രിമം കാണിക്കാറില്ലെന്നും കെ.എസ്. മണി വ്യക്തമാക്കി. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഇടപാടുകാരാണോ ഇതിനു പിന്നിലെന്ന് സംശയമുണ്ടെന്നും, മിൽമയുടെ ലോഗോയോ എംബ്ലമോ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിലുള്ള അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്നും, അന്വേഷണത്തിൽ മിൽമയിലെ ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.