ദ്വാരപാലക ശിൽപ കേസിലാണ് പോറ്റിക്ക് ഇന്നലെ കോടതി ജാമ്യം അനുവദിച്ചത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും കേരളം വിട്ടു പോകരുതെന്നും ജാമ്യവ്യവസ്ഥകളിൽ പറയുന്നു. സാക്ഷികളെ സ്വാധീനിക്കരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. 

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ ജയിലിലിൽ കഴിയുന്ന സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യവ്യവസ്ഥയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കർശന ഉപാധികളോടെയാണ് പോറ്റിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും കേരളം വിട്ടു പോകരുതെന്നും ജാമ്യവ്യവസ്ഥകളിൽ പറയുന്നു. സാക്ഷികളെ സ്വാധീനിക്കരുത്. തെളിവ് നശിപ്പിക്കരുതെന്നും പാസ്പോർട്ട് ഹാജരാക്കണമെന്നുമാണ് ജാമ്യവ്യവസ്ഥ. 

അന്വേഷണ സംഘം ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണം. കൂടാതെ എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണം. അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും ചെയ്യരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. ദ്വാരപാലക ശിൽപ കേസിലാണ് പോറ്റിക്ക് ഇന്നലെ കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, ദ്വാരപാലക കേസിൽ ജാമ്യം ലഭിച്ചെങ്കിലും കട്ടിളപ്പാളി കേസിൽ പോറ്റി റിമാൻഡിൽ തുടരും.

അതേസമയം, റിമാൻഡിൽ കഴിയുന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർണായക മൊഴി പുറത്ത് വന്നു. നിരവധി പേർക്ക് ഉപഹാരങ്ങൾ നൽകിയെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. നേതാക്കൾക്കും ദേവസ്വം ഉദ്യോഗസ്ഥർക്കും ഉപഹാരം നൽകിയിട്ടുണ്ടെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി എസ്ഐടിക്ക് മൊഴി നൽകിയിരിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി പരിചയമുണ്ടെന്നും പോറ്റി മൊഴി നൽകിയിട്ടുണ്ട്. 2017 മുതൽ കടകംപള്ളിയുമായി പരിചയമുണ്ട്. കടകംപള്ളി വീട്ടിൽ വന്നിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകി.

അതേസമയം, സ്വർണക്കൊള്ളയിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും. ഇതുസംബന്ധിച്ച ശുപാർശ എസ്ഐടി സർക്കാരിന് നൽകി. തൃശൂർ സ്വദേശി അഡ്വ. ഉണ്ണികൃഷ്ണനാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി പരിഗണനയിൽ ഉള്ളത്. അതിനിടെ, ശബരിമലയിലെ പഴയ കൊടിമരത്തിലെ അഷ്‌ടദിക് പാലകൻമാരെ കണ്ടെത്തി. ഇന്നലെ നടത്തിയ എസ്ഐടി പരിശോധനയിൽ സ്ട്രോങ് റൂമിൽ നിന്നുമാണ് അഷ്‌ടദിക് പാലകൻമാരെ കണ്ടെത്തിയത്. ചാക്കിൽകെട്ടിയ നിലയിലായിരുന്നു. കൊല്ലം കോടതിയിൽ വിശദമായ റിപ്പോർട്ട് എസ്ഐടി നൽകും. ഇന്നലെ രാത്രി ഒന്നരയോടെയാണ് സന്നിധാനത്ത് എസ്ഐടി പരിശോധന പൂർത്തിയാക്കിയത്. കൊടിയിൽ സ്ഥാപിച്ചിരുന്ന ചെറിയ ശിൽപങ്ങളാണ് അഷ്‌ടദിക് പാലകർ. 

YouTube video player