സ്വർണം പൂശി തിരികെ എത്തിച്ചപ്പോൾ തൂക്കം കുറഞ്ഞെന്ന് വിജിലൻസ്. ഹൈദരാബാദിൽ നാഗേഷ് എന്നയാളുടെ അടുത്ത് പാളികൾ എത്തിച്ചതിലും ദുരൂഹത ഉണ്ടെന്ന് വിജിലൻസ് സംശയം പ്രകടിപ്പിച്ചു.
തിരുവനന്തപുരം: ശബരിമലയിൽ തിരിച്ചെത്തിയ ദ്വാരപാലക പാളികളും തകിടുകളും ഡ്യൂപ്ലിക്കേറ്റ് എന്ന് സംശയിച്ച് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. സ്വർണം പൂശി തിരികെ എത്തിച്ചപ്പോൾ തൂക്കം കുറഞ്ഞാണ് സംശയത്തിന് കാരണം. ഹൈദരാബാദിൽ നാഗേഷ് എന്നയാളുടെ അടുത്ത് പാളികൾ എത്തിച്ചതിലും ദുരൂഹത ഉണ്ടെന്ന് വിജിലൻസ് സംശയം പ്രകടിപ്പിച്ചു. ഒരു വരുമാനവും ഇല്ലാത്ത പോറ്റി തുടർച്ചയായി നടത്തിയ വഴിപാടുകളും ലക്ഷങ്ങളുടെ സംഭാവനയും സ്പോൺസർഷിപ്പും വിജിലൻസിന് സംശയകരമുണ്ട്.
ദ്വാരപാലക ശിൽപ്പങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിലേക്ക് കൊണ്ടുപോയത് ദേവസ്വം ബോഡിന്‍റെ അറിവോടെയെന്ന് വിജിലൻസ് റിപ്പോർട്ടില്‍ പറയുന്നു. ബോർഡ് വീഴ്ചയിൽ ഗൗരവത്തോടെ അന്വേഷണം വേണമെന്ന് വിജിലൻസ് ചൂണ്ടികാട്ടിയിട്ടും എസ്.ഐടി ബോർഡിനെ പ്രതിയാക്കിയത് കട്ടിള പാളികൾ കടത്തിയ കേസിൽ മാത്രമാണ്. ശബരിമലയിൽ സ്വർണം പൂശി തിരിച്ചെത്തിയ ദ്വാരപാലക ശില്പ പാളികൾ ഡ്യൂപ്ലിക്കേറ്റ് ആണോ എന്ന സംശയവും വിജിലൻസ് റിപ്പോർട്ടിലുണ്ട്. അട്ടിമറി നടന്നോ എന്ന് അന്വേഷണത്തിൽ തെളിയട്ടെ എന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം മാന്വൽ പ്രകാരം ദേവസ്വംത്തിന്‍റെ വിലപിടിപ്പുള്ള വസ്തുക്കൾ ദേവസ്വം പരിസരത്ത് തന്നെ അറ്റകുറ്റപ്പണി നടത്തണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ ഈ ചട്ടം നിലനിൽക്കെയാണ് പോറ്റിയുടെ കൈവശം ചെനൈനയിലേക്ക് കൊണ്ടുപോകാൻ കൊടുത്തുവിട്ടത്. നിയമവിരുദ്ധമായ ഈ പ്രവൃത്തി ബോർഡ് അറിഞ്ഞില്ലെ എന്ന് കരുതാനാകില്ലെന്നും അവരുടെ പ്രേരണയോ സമ്മർദ്ദമോ, നിർദ്ദേശമോ ഇക്കാര്യത്തിൽ ഉണ്ടായി എന്നും ഗൗരവത്തോടെയ അന്വേഷിക്കണമെന്നും വിജിലൻസ് ചൂണ്ടിക്കാട്ടി, എന്നാൽ പ്രത്യേക സംഘം എഫ്ഐആർ വന്നപ്പോൾ പ്രധാന കേസായി ദ്വാരപാലക പാളികൾ കടത്തിയതിൽ ദേവസ്വം ബോർഡ് പ്രതിയല്ല. പകരം കട്ടിള പാളികൾ കടത്തിയ കേസിൽ മാത്രമാണ് ബോർഡിനെ പ്രതിയാക്കിയത് ഇത് ദുരുഹമാണെന്നും ബോർഡിനെ രക്ഷിക്കാനുള്ള നീക്കമാണെന്നുമാണ് നിയമ വിദഗ്ധർ ചൂണ്ടികാട്ടുന്നത്.
ഇതിനിടെ, ശബരിമലയിൽ സ്വർണം പൂശി തിരിച്ചെത്തിയ ദ്വാരപാലക ശില്പ പാളികൾ ഡ്യൂപ്ലിക്കേറ്റ് എന്ന സംശയവും ദേവസ്വം വിജിലൻസ് റിപ്പോർട്ടിലുണ്ട്. ഹൈദരാബാദിൽ നാഗേഷ് എന്നയാൾ 39 ദിവസം ദുരൂഹമായി ഒറിജിനൽ പാളി സൂക്ഷിച്ചത് ഡ്യൂപ്ലിക്കേറ്റ് നിർമ്മിക്കാനാണോ എന്നാണ് ചോദ്യം. സ്വർണം പൂശുന്നതിന് മുൻപ് ഉണ്ടായിരുന്നതിനേക്കാൾ നാലര കിലോയിലധികം തൂക്കം കുറഞ്ഞത് പാളികൾ മാറ്റിയോ എന്ന സംശയം ബലപ്പെടുത്തുന്നു. മാത്രമല്ല ഫോട്ടോകൾ പരിശോധിക്കുമ്പോള്‍ വ്യത്യാസം ഉണ്ടെന്ന് വിജിലൻസ് സംഘം പറയുന്നു. ഹൈദരാബിദിലെ നാഗേഷും സ്മാർട് ക്രിയേഷനും തമ്മിലുള്ള ബന്ധവും സംശായസ്പദമാണ്. സംശയങ്ങൾ ദൂരീകരിക്കണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റും പറഞ്ഞു.
അതേസമയം, ശബരിമല സ്വർണ കവർച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ പ്രതികളെ പ്രത്യേക അന്വേഷണസംഘം ഉടൻ കസ്റ്റഡിയിലെടുത്തേക്കും എന്നാണ് വിവരം. ശബരിമല സന്നിധാനതും ബംഗളൂരുവിലും ഉൾപ്പെടെ എത്തി നിർണായ വിവരങ്ങൾ എസ് ഐ ടി ശേഖരിച്ചിട്ടുണ്ട്. മോഷ്ടിക്കപ്പെട്ട സ്വർണം വേഗം കണ്ടെത്തുക, ദ്വാരപാലക പാളികൾ വ്യാജമായി നിർമ്മിച്ചത് എവിടെ എന്ന് കണ്ടെത്തുക എന്നിവയ്ക്കാണ് ആദ്യഘട്ട അന്വേഷണത്തിൽ പ്രാധാന്യം നൽകുന്നത്. അതിനിടെ, പത്തനംതിട്ടയിൽ എസ്.ഐ.ടി ഇന്ന് ക്യാമ്പ് ഓഫീസ് തുറന്നേക്കും. റാന്നി കോടതിയിൽ എഫ്ഐആറും സമർപ്പിക്കും.
ഇഡിയുടെ വിവരശേഖരണം തുടരുന്നു
ശബരിമലയിലെ സ്വർണ്ണകവർച്ച കേസിൽ ഇഡിയുടെ വിവരശേഖരണം തുടരുന്നു. കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന സംശയത്തിലാണ് പ്രാഥമിക വിവരശേഖരണം തുടരുന്നത്. തെളിവുകൾ ശേഖരിച്ച ശേഷമാകും ഇസിആർ രജിസ്റ്റർ ചെയ്യുന്നതിൽ തീരുമാനമെടുക്കുക. ദേവസ്വം വിജിലൻസും എസ്ഐടിയും കണ്ടെത്തിയ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കാനാണ് ഇഡി നീക്കം. അത് പരിശോധിച്ച ശേഷമാകും കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണമാവുക. പ്രാഥമികമായി ഇക്കാര്യം കണ്ടെത്തിയാൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുക്കാൻ ഇസിഐആർ രജിസ്റ്റർ ചെയ്യും.


