ഹൈക്കോടതി തന്നെ അന്വേഷണത്തിൽ തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. പാർട്ടി ആരെയും സംരക്ഷിക്കില്ല. അന്വേഷണത്തിന് ഇഡി വരേണ്ട സാഹചര്യം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ എംപിമാരുടെ പ്രവർത്തനത്തിൽ സംവാദത്തിന് തയ്യാറാണ്.
കോഴിക്കോട്: ജമാ അത്തെ ഇസ്ലാമിയുമായിമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാണണമെന്ന് അവർ ആവശ്യപ്പെട്ടതു പ്രകാരമാണ് കണ്ടത്. സോളിഡാരിറ്റിയിലെ ചില ചെറുപ്പക്കാരും തന്നെ കാണാൻ വന്നു. അന്ന് അവരെ മുഖത്ത് നോക്കി വർഗ്ഗീയ വാദികളെന്ന് താൻ വിളിച്ചു. എകെജി സെൻ്ററിലായിരുന്നു കൂടിക്കാഴ്ച. ആരും ജമാ അത്തെ ഇസ്ലാമിയെ ശുദ്ധീകരിക്കാൻ നോക്കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി ലീഡർ പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ തുറന്നുപറച്ചിൽ.
1992 ൽ കോൺഗ്രസ് സർക്കാരിന് ജമാ അത്തെ ഇസ്ലാമിയെ നിരോധിക്കേണ്ടി വന്നു. ഇതിലുള്ള പ്രതിഷേധ വോട്ടാണ് 1996 ൽ ജമാ അത്തെ ഇസ്ലാമി എൽഡിഎഫിന് ചെയ്തത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയുമായിരിക്കെ ജമാ അത്തെ ഇസ്ലാമി വർഗ്ഗീയ സംഘടനയെന്ന് യുഡിഎഫ് സർക്കാർ സത്യവാങ്മൂലം നൽകി. ജമാ അത്തെ ഇസ്ലാമിക്ക് അനുകൂലമായ ഒരു നിലപാടും എൽഡിഎഫ് ഒരു ഘട്ടത്തിലും എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നല്ല അന്വേഷണമാണ് നടക്കുന്നത്. ഹൈക്കോടതി തന്നെ അന്വേഷണത്തിൽ തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. പാർട്ടി ആരെയും സംരക്ഷിക്കില്ല. അന്വേഷണത്തിന് ഇഡി വരേണ്ട സാഹചര്യം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എംപിമാരുടെ പ്രവർത്തനത്തിൽ സംവാദത്തിന് തയ്യാറാണ്. സമയവും സ്ഥലവും തീരുമാനിച്ചാൽ മതി. അതിദാരിദ്ര്യ മുക്തി സംബന്ധിച്ച് എൻകെ പ്രേമചന്ദ്രൻ പാർലമെൻ്റിൽ ഉന്നയിച്ച ചോദ്യം യുഡിഎഫിൻ്റെ കുബുദ്ധിയാണ്. ഇക്കാര്യത്തിൽ വേണുഗോപാലിനെ പോലുള്ളവർ മറുപടി പറയണമെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയ പ്രതീക്ഷയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടിക്ക് കത്ത് നൽകി രമേശ് ചെന്നിത്തല. ശബരിമല സ്വർണക്കൊള്ളയിൽ പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും 500 കോടിയുടെ ഇടപാട് നടന്നെന്നും ചെന്നിത്തല കത്തിൽ പറയുന്നു. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാണ്. ഇതേക്കുറിച്ച് നേരിട്ട് അറിവുള്ള വ്യക്തിയെ അന്വേഷണവുമായി സഹകരിപ്പിക്കാം. സംസ്ഥാനത്തെ ചില വ്യവസായികൾക്കും ശബരിമല സ്വർണ്ണക്കൊള്ളയുമായി പങ്കുണ്ടെന്നും ചെന്നിത്തല കത്തിൽ ആരോപിക്കുന്നു. ഇന്നലെയാണ് രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് കത്ത് നൽകിയത്.
പുരാവസ്തു സാധനങ്ങൾ മോഷ്ടിച്ച് കരിച്ചന്തയിൽ കൊണ്ടുപോയി വിൽക്കുന്ന സംഘങ്ങളെ കുറിച്ച് നേരിട്ട് അറിയാവുന്ന വ്യക്തിയെ അറിയാം. ഇയാൾ പൊതുജനത്തിന് മുന്നിൽ വന്ന് കാര്യങ്ങൾ വെളിപ്പെടുത്താൻ തയ്യാറല്ല. എന്നാൽ അന്വേഷണ സംഘത്തോടും കോടതിയിലും വന്ന് മൊഴി നൽകാൻ തയ്യാറാണ്. താൻ സ്വതന്ത്രമായി പരിശോധിച്ചു കൊണ്ടാണ് ഇത്തരം കാര്യങ്ങൾ പറയുന്നത്. സംസ്ഥാനത്തെ ചില വ്യവസായികൾക്കും റാക്കറ്റുകൾക്കും സ്വർണ്ണക്കൊള്ളയുമായി ബന്ധമുണ്ട്. ദേവസ്വം ബോർഡിലെ ചില ഉന്നതർക്ക് ഈ റാക്കറ്റുമായുള്ള ബന്ധം അന്വേഷിക്കണമെന്നും പുരാവസ്തുസംഘങ്ങൾ അന്വേഷണത്തിൻ്റെ പരിധിയിൽ വരണമെന്നും രമേശ് ചെന്നിത്തലയുടെ കത്തിൽ പറയുന്നു.



