ശബരിമല സ്വര്‍ണ കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത എഫ്ഐറിൽ 2019ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പ്രതിചേര്‍ത്തതിനെക്കുറിച്ച് അറിയില്ലെന്ന് അന്നത്തെ പ്രസിഡന്‍റ് എ പത്മകുമാര്‍. അന്വേഷണത്തെ നേരിടുമെന്നും പത്മകുമാർ

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത എഫ്ഐറിൽ 2019ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പ്രതിചേര്‍ത്തതിൽ പ്രതികരണവുമായി അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. താൻ ഉള്‍പ്പെട്ട അന്നത്തെ ദേവസ്വം ബോര്‍ഡിനെ പ്രതി പട്ടികയിൽ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് അറിയില്ലെന്നും ഏത് അന്വേഷണത്തെയും നിയമപരമായി നേരിടുമെന്നും എ പത്മകുമാര്‍ പറഞ്ഞു. വ്യവസ്ഥാപിതമല്ലാത്ത ഒരു കാര്യവും തന്‍റെ കാലത്ത് ശബരിമലയിൽ ചെയ്തിട്ടില്ലെന്നും ആക്രമിച്ച് ദുര്‍ബലപ്പെടുത്താമെന്ന് കരുതേണ്ടെന്നും എ പത്മകുമാര്‍ പറഞ്ഞു. ഉടമസ്ഥൻ വീട് പൂട്ടിപ്പോയശേഷം വീട്ടിൽ മോഷണം നടന്നാൽ അതിന് വീട്ടുടമസ്ഥൻ ഉത്തരം പറയേണ്ട അവസ്ഥപോലെയാണിത്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് അറിഞ്ഞോ അറിയാതെയോ തന്‍റെ കാലത്ത് തന്‍റെ ഭാഗത്തുനിന്നോ ദേവസ്വം ബോര്‍ഡിന്‍റെ ഭാഗത്തുനിന്നോ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല. 

മാധ്യമങ്ങളല്ലാതെ ഇതുമായി ബന്ധപ്പെട്ട് ആരും തന്നെ ബന്ധപ്പെട്ടിട്ടില്ല. വീഴ്ചയുണ്ടോയെന്ന് കോടതി പരിശോധിക്കട്ടെയെന്നും എഫ്ഐആറിനെക്കുറിച്ച് അറിയില്ലെന്നും എ പത്മകുമാര്‍ പറഞ്ഞു. 2007 മുതൽ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. തന്‍റെ കാലം മുതൽ അല്ല. 2007ന് മുമ്പ് ബെംഗളൂരു ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ തന്ത്രി ആരാണെന്ന് അന്വേഷിച്ചു നോക്കണമെന്നും തന്ത്രിയെ ഉന്നം വെച്ച് പത്മകുമാര്‍ വിമര്‍ശിച്ചു. ശബരിമലയിലെ സ്വർണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ് ഐആറിലാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും പ്രതികളാക്കിയിരിക്കുന്നത്. 2019 ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെയാണ് എട്ടാം പ്രതിയായി ചേർത്തിരിക്കുന്നത്. ആരുടെയും പേര് എഫ്ഐആറിലില്ല. എ പത്‌മകുമാർ പ്രസിഡന്‍റാായ ഭരണസമിതിയാണ് 2019ൽ ചുമതലയിലുണ്ടായിരുന്നത്. 2019ല്‍ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വര്‍ണ പാളികള്‍ ‍ ഇളക്കി എടുത്തെന്നാണ് എഫ്ഐആറിൽ പറയുന്നത്. ബോർഡിന് നഷ്‌ടമുണ്ടാക്കാനായി പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് ദേവസ്വം വിജിലന്‍സിന്‍റെ കണ്ടെത്തൽ. പത്മകുമാർ പ്രസിഡന്‍റായ ബോര്‍ഡിൽ ശങ്കർ ദാസ്, കെ .രാഘവൻ എന്നിവരായിരുന്നു അംഗങ്ങൾ.