ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന്‍റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. അതേസമയം, കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടു.
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്‍റെ രണ്ട് ജാമ്യാപേക്ഷകളും കൊല്ലം വിജിലൻസ് കോടതി തള്ളി. പാളികൾ കൈമാറിയതിൽ തിരുവാഭരണം കമ്മീഷണർക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ, ഉദ്യോഗസ്ഥൻ എന്ന നിലയിൽ സുധീഷ് കുമാറിനും പങ്കുണ്ടെന്ന് പ്രോസിക്യൂഷനും വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ.സിജു രാജൻ ഹാജരായി. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാന്‍ഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെയും കസ്റ്റഡിയിൽ വിട്ടു. കൊല്ലം വിജിലന്‍സ് കോടതിയാണ് എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടത്. ഉണ്ണികൃഷ്ണൻ പോറ്റിയെ കട്ടിളപ്പാളി കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശില്പ കേസിലുമാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്. വിശദമായ ചോദ്യം ചെയ്യലിന് രണ്ടു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് കൊല്ലം വിജിലന്‍സ് കോടതിയിൽ അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. സ്വർണക്കൊള്ളയിൽ ഉന്നതരുടെ പങ്ക് അടക്കം അന്വേഷിക്കുന്നതിനാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്.
കട്ടിളപ്പാളി കേസിലും ദ്വാരപലക കേസിലും മുരാരി ബാബു പ്രതിയാണ്. ഉദ്യോഗസ്ഥൻ എന്ന നിലയിൽ ബോർഡിന്‍റെ തീരുമാനംഅനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് മുരാരി ബാബുവിന്‍റെ വാദം. എന്നാൽ, ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിലെ ഗൂഡാലോചനയിൽ അടക്കം മുരാരി ബാബുവിന് പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഇക്കഴിഞ്ഞ ഡിസംബര്‍ 12ന് ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാറിന്‍റെ ജാമ്യവും കൊല്ലം വിജിലന്‍സ് കോടതി തള്ളിയിരുന്നു. കട്ടിളപ്പാളി കേസിൽ നൽകിയ ജാമ്യാപേക്ഷയാണ് തള്ളിയത്. പാളികൾ കൈമാറിയതിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നായിരുന്നു ജാമ്യ ഹർജിയിലെ പത്മകുമാറിന്‍റെ വാദം.
മിനുട്സിൽ ചെമ്പ് എന്നെഴുതിയത് എല്ലാവരുടെയും അറിവോടെന്നും പത്മകുമാർ ചൂണ്ടിക്കാട്ടിയിരുന്നു. വിജിലന്‍സ് കോടതി ജാമ്യം തള്ളിയതോടെ മേൽക്കോടതിയെ സമീപിക്കാനാണ് പത്മകുമാറിന്‍റെ നീക്കം. കട്ടിളപ്പാളി കേസിനൊപ്പം ദ്വാരപാലക ശിൽപ കേസിലും പത്മകുമാർ പ്രതിയാണ്. അതിനിടെ കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ ജാമ്യ ഹര്‍ജി ഡിസംബർ 18 ന് വിജിലൻസ് കോടതി അപേക്ഷ പരിഗണിക്കും. ഇതിനിടെ, ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നത് ഈ മാസം 17ലേക്ക് മാറ്റിവെച്ചിരുന്നു. കൊല്ലം വിജിലന്‍സ് കോടതിയിലാണ് ഇഡി അപേക്ഷ നൽകിയത്. സ്വര്‍ണക്കൊള്ളയിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്ഐആറും റിമാന്‍ഡ് റിപ്പോര്‍ട്ടും അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചത്. രഹസ്യസ്വഭാവത്തോടെയാണ് അന്വേഷണമെന്നും രേഖകള്‍ നൽകാൻ പാടില്ലെന്നുമാണ് എസ്ഐടിയുടെ നിലപാട്.

