ആത്മകഥ എഴുതൽ ഭീഷണി അടക്കം സമ്മർദ്ദങ്ങൾ എല്ലാം ഫലം കണ്ടു, പത്മകുമാർ പാർട്ടിക്കുള്ളിൽ സേഫായി. നടപടി സസ്പെൻഷൻ മാത്രം. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കനത്ത തോൽവിക്ക് പിന്നാലെ നടന്ന പാർട്ടി യോഗങ്ങളിലെല്ലാം സ്വർണ്ണകൊള്ളയിലെ പാർട്ടി നിലപാടിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു.

തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ള കേസിൽ മുതിർന്ന നേതാവ് എ. പത്മകുമാറിനെതിരായ പാർട്ടി നടപടി സസ്പെൻഷനിൽ ഒതുക്കി സിപിഎം. പുറത്താക്കൽ വേണമെന്ന ആവശ്യമുയർന്നെങ്കിലും പലതും വെളിപ്പെടുത്തുമെന്ന പത്മകുമാറിന്‍റെ ഭീഷണിക്ക് മുന്നിൽ നേതൃത്വം കീഴ്പ്പെടുകയായിരുന്നു. എന്നാൽ കുറ്റപത്രം വന്നശേഷം തുടർനടപടി ഉണ്ടാകുമെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം തോമസ് ഐസക് ഉൾപ്പെടെ നേതാക്കൾ വിശദീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആത്മകഥ എഴുതൽ ഭീഷണി അടക്കം സമ്മർദ്ദങ്ങൾ എല്ലാം ഫലം കണ്ടു, പത്മകുമാർ പാർട്ടിക്കുള്ളിൽ സേഫായി. നടപടി സസ്പെൻഷൻ മാത്രം. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കനത്ത തോൽവിക്ക് പിന്നാലെ നടന്ന പാർട്ടി യോഗങ്ങളിലെല്ലാം സ്വർണ്ണകൊള്ളയിലെ പാർട്ടി നിലപാടിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. കേസിൽ ജയിലിൽ പോയ നേതാവിനെ ജില്ലാ കമ്മിറ്റി അംഗമായി തുടരാൻ അനുവദിക്കരുതെന്ന വാദം ശക്തമായി. ഇതോടെയാണ് നടപടിയെടുക്കാൻ സംസ്ഥാനഘടകം പത്തനംതിട്ട ജില്ലാ നേതൃത്വത്തെ ചുമതലപ്പെടുത്തിയത്. 

പുറത്താക്കൽ നടപടി തന്നെ വേണമെന്ന് ജില്ലയിലെ നേതാക്കളെല്ലാം യോഗത്തിൽ ആവശ്യപ്പെട്ടു. പക്ഷെ പുറത്താക്കലിനു പിന്നാലെ പത്മകുമാർ വിളിച്ചുപറയുന്ന കാര്യങ്ങൾ പാർട്ടി താങ്ങില്ലെന്നും കൂടുതൽ പ്രതിസന്ധിയിലേക്ക് പ്രതിപക്ഷ നേതാവ് ഉൾപ്പെടെ അകപ്പെടുമെന്നും സംസ്ഥാന നേതാക്കൾ അഭിപ്രായപ്പെട്ടു. ഇതോടെയാണ് നടപടി സസ്പെൻഷനിൽ ഒതുക്കിയത്.

യുവതീപ്രവേശന ദിവസം ദേവസ്വം ബോർഡ് പ്രസിഡന്‍റ് ആയിരുന്ന തന്നെ പാർട്ടിയിലെ ഉന്നതൻ ഇടപെട്ട് ശബരിമലയിൽ നിന്ന് മാറ്റിനിർത്തി. ഫോൺവിളി രേഖകൾ തെളിവായുണ്ട്. ഇതെല്ലാം അക്കമിട്ടു നിരത്തി ആത്മകഥ വരുന്നു. അടുത്ത സുഹൃത്തുക്കളോട് പത്മകുമാർ വെളിപ്പെടുത്തിയ കാര്യങ്ങൾ ഈ അടുത്ത ദിവസങ്ങളിൽ മാധ്യമങ്ങളിൽ വന്നു. ഇതോടെയാണ് കടുത്ത നടപടിയിൽ നിന്ന് നേതൃത്വം ഉൾവലിഞ്ഞത്. പത്മകുമാറിനെ തലോടിയുള്ള സിപിഎം നിലപാടിനെ അതിരൂക്ഷമായി കടന്നാക്രമിക്കാനാണ് ബിജെപിയുടെയും കോൺഗ്രസിന്‍റെയും തീരുമാനം.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming