സ്കൂൾ കലോത്സവത്തിന്‍റെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി, സുരേഷ് ഗോപിയെ വേദിയിലിരുത്തി 'ജാനകി'യടക്കം പരാമർശിച്ച് വിമർശനം ഉന്നയിച്ചു. അന്തസ് കുറഞ്ഞ രാഷ്ട്രീയ ആരോപണങ്ങൾക്ക് കുട്ടികളുടെ വേദി ഉപയോഗിക്കുന്നില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ തിരിച്ചടി

തൃശൂർ: സ്കൂൾ കലോൽസവത്തിന്‍റെ ഉദ്ഘാടന വേദിയിലും രാഷ്ട്രീയ വിവാദം. മനുഷ്യനെ തമ്മിലടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശയങ്ങളെയും തള്ളിക്കളയാനും എല്ലാവരെയും ഒന്നിപ്പിക്കുന്ന കല ഉയർത്തിപ്പിടിക്കാനും സാധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു. കലാമേളയുടെ ഉദ്ഘാടന പ്രസംഗത്തിലാകെ ബി ജെ പിയെ പരോക്ഷമായി വിമർശിക്കുന്ന രാഷ്ട്രീയമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ക്രിസ്മസ് കരോളിനെതിരായ ആക്രമണമടക്കം മുഖ്യമന്ത്രി പരാമർശിച്ചു. സിനിമയിലെ കഥാപാത്രങ്ങൾക്ക് ജാനകി എന്ന് പേരിടാൻ പോലും കഴിയാത്ത സ്ഥിതിയുണ്ടെന്നും സുരേഷ് ഗോപിയെ വേദിയിലിരുത്തി പിണറായി വിജയൻ വിമർശനം ഉന്നയിച്ചു. കേന്ദ്രം ഫണ്ട് തടഞ്ഞുവെച്ചിട്ടും സംസ്ഥാനം ഒരു കുറവും കുട്ടികൾക്ക് വരുത്തിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും പറഞ്ഞു.

സുരേഷ് ഗോപിയുടെ മറുപടി

തുടർന്നു സംസാരിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിയാകട്ടെ ഒന്നിനും നേരിട്ട് മറുപടി പറഞ്ഞില്ല. എന്നാൽ മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും പരാമർശങ്ങളിലുള്ള അതൃപ്തി കേന്ദ്ര മന്ത്രിയുടെ വാക്കുകളിൽ പ്രകടവുമായിരുന്നു. അന്തസ് കുറഞ്ഞ രാഷ്ട്രീയ ആരോപണങ്ങൾക്ക് പറയാൻ കുട്ടികളുടെ വേദി ഉപയോഗിക്കുന്നില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ തിരിച്ചടി. നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ നടക്കുന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിന്‍റെ ഉദ്ഘാടന വേദി അങ്ങനെ രാഷ്ട്രീയ തർക്കങ്ങളുടെ കൂടി വേദിയായി മാറി.

കലോത്സവത്തിന് ഉജ്വല തുടക്കം

അതേസമയം അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിന് തൃശൂരിൽ ഉജ്വല തുടക്കമായി. മത്സര ബുദ്ധി കലോത്സവത്തിന്റെ ഭംഗി കെടുത്താതെ നോക്കണമെന്ന് ഉദ്ഘാടകനായ മുഖ്യമന്ത്രി വിദ്യാർഥികളെയും രക്ഷിതാക്കളെയും ഓർമിപ്പിച്ചു. കലോൽസവം ഐക്യത്തിൻ്റെ ഉദയമാകണമെന്നായിരുന്നു കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ആഹ്വാനം. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ് പതാക ഉയർത്തിയതോടെ കലാമേളയ്ക്ക് തുടക്കമായി. തൃശൂരിൻ്റെ പൂര പെരുമ വിളിച്ചോതുന്ന പാണ്ടിമേളമാണ് കലാ നഗരിയെ ഉണർത്തിയത്. കലാമണ്ഡലത്തിലെ വിദ്യാർഥികൾ ഒരുക്കിയ സ്വാഗത ഗാനത്തിൻ്റെ നൃത്താവിഷ്കാരം കാണാൻ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ സദസിലിരുന്നു. ശേഷം മുഖ്യമന്ത്രി തിരികൊളുത്തി മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. സുരേഷ് ഗോപിയടക്കം കേന്ദ്ര സംസ്ഥാന മന്ത്രിമാർ അണിനിരന്ന വേദിയിൽ കുട്ടികളുടെ കൈയടിയത്രയും സർവം മായ സിനിമയിലൂടെ ശ്രദ്ധേയയായ പുതുമുഖ താരം റിയ ഷിബു നേടി. കലാമണ്ഡലം ഗോപിയും പെരുവനം കുട്ടൻമാരാരും കൗമാര കലാ പ്രതിഭകൾക്ക് പ്രോൽസാഹനവുമായി വേദിയിലെത്തി. പതിവു തെറ്റിക്കാതെ പാട്ടു പാടി മന്ത്രി കടന്നപ്പള്ളിയും കലാവേദിയിലെ സന്തോഷത്തിൻ്റെ ഭാഗമായി.