ഇന്നലെ രാവിലെയാണ് സ്പെഷ്യൽ സബ് ജയിലിൽ വെച്ച് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെ നിന്നും പരിശോധനയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിലുള്ള തന്ത്രി കണ്ഠര് രാജീവര് ആശുപത്രി വിട്ടു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. തുടർന്ന് തന്ത്രി രാജീവരെ സബ്ജയിലിലേക്ക് മാറ്റി. ഇന്നലെ രാവിലെയാണ് സ്പെഷ്യൽ സബ് ജയിലിൽ വെച്ച് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെ നിന്നും പരിശോധനയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽ ഐസിയുവിലേക്ക് മാറ്റിയ തന്ത്രിയെ 24 മണിക്കൂർ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഡിസ്ചാർജ് ചെയ്തത്.

അതേസമയം, തന്ത്രിയെ ശബരിമലയിലെ ദ്വാരപാലക ശിൽപ്പ പാളികള്‍ കടത്തിയ കേസിലും എസ്ഐടി പ്രതിചേർക്കും. സ്വർണ പാളി ചെമ്പാക്കി മാറ്റിയ മഹസ്സറിലും ഒപ്പിട്ടത് വഴി തന്ത്രിക്കും ഗൂഡാലോചനയിൽ പങ്കുണ്ടെന്നാണ് എസ്ഐടി പറയുന്നത്. തിരുവിതാംകൂർ ദേവസ്വം മാനുവലിലെ തന്ത്രിയുടെ കടമകള്‍ എടുത്തു പറഞ്ഞായിരുന്നു കട്ടിളപാളി കേസിലെ എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ട്. തന്ത്രി ദേവസ്വം ബോർഡിൽ നിന്നും വാങ്ങുന്ന പ്രതിഫലത്തെ പടിത്തരമെന്നാണ് പറയുന്നത്. പടിത്തരം ദക്ഷിണയല്ല, പ്രതിഫലമെന്നാണ് എസ്ഐടിക്ക് ലഭിച്ച നിയമോപദേശം. അസി.കമ്മീഷണറുടെ അതേ ഉത്തരവാദിത്വങ്ങള്‍ വഹിക്കേണ്ട തന്ത്രി ക്ഷേത്ര സ്വത്തുക്കള്‍ സംരക്ഷിക്കാനും ബാധ്യതസ്ഥനാണെന്ന് പ്രത്യേക സംഘം പറയുന്നു. ഈ ഉത്തരവാദിത്വം മറന്നാണ് കട്ടിളപാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറത്തേക്ക് കൊണ്ടുപോകാൻ മൗനാനുവാദം നൽകിയതെന്നായിരുന്നു കണ്ടെത്തൽ.

അതിനിടെ, ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം നിർണായക പരിശോധന പൂർത്തിയാക്കി. എട്ടു മണിക്കൂർ നീണ്ട പരിശോധനയാണ് തന്ത്രിയുടെ വീട്ടിൽ നടന്നത്. ചെങ്ങന്നൂരിലെ താഴ്മൺ മഠത്തിൽ എത്തിയ എസ്ഐടി സംഘം പരിശോധന രാത്രി വൈകിയാണ് പൂർത്തിയാക്കിയത്. പോറ്റിയും തന്ത്രിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം സാമ്പത്തിക ഇടപാടുകൾ എന്നിവ സാധൂകരിക്കുന്ന തെളിവു ശേഖരണമായിരുന്നു എസ്ഐടി വീട്ടിലെ പരിശോധനയിലൂടെ ലക്ഷ്യം വച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രി കുടുംബവുമായുള്ള ബന്ധത്തെ കുറിച്ച് കുടുംബാംഗങ്ങളോട് ചോദിച്ചറിഞ്ഞു. തന്ത്രിയുടെ ഭാര്യയുടെയും മകളുടെയും അടക്കം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. തന്ത്രി കണ്ഠര് രാജീവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. വസ്തു ഇടപാടുകളുടെ വിവരങ്ങളും തേടി. വീട്ടിലെ സ്വർണ ഉരുപ്പടികളിലും എസ്ഐടി വിശദമായ പരിശോധന നടത്തി. അന്വേഷണസംഘത്തിനൊപ്പം സ്വർണപ്പണിക്കാരുമുണ്ടായിരുന്നു. റിമാൻഡിൽ കഴിയുന്ന ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രിയുമായി അടുത്ത ബന്ധമാണുള്ളതെന്ന് എസ്ഐടി പറയുന്നു. കേസിൽ തന്ത്രിക്ക് കുരുക്കാകുന്ന തെളിവുകൾ വീട്ടിലെ പരിശോധനയിൽ അന്വേഷണ സംഘത്തിന് കണ്ടെത്താൻ കഴിഞ്ഞോ എന്നാണ് ഇനി അറിയേണ്ടത്.

YouTube video player