ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. കേസിലെ ആറാം പ്രതിയാണ് എസ് ശ്രീകുമാർ. സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറിയതുമായി ബന്ധപ്പെട്ട മഹസറിൽ ഒപ്പ് വെച്ചത് ശ്രീകുമാറാണ്.

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. കേസിലെ ആറാം പ്രതിയാണ് എസ് ശ്രീകുമാർ. സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മഹസറിൽ ഒപ്പ് വെച്ചയാളാണ് ശ്രീകുമാർ. ശ്രീകുമാറിന്റെ ചോദ്യം ചെയ്യൽ കേസന്വേഷണത്തിൽ നിർണായകമാണെന്നും ജാമ്യം നൽകുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നുമുള്ള അന്വേഷണ സംഘത്തിന്റെ വാദം പരി​ഗണിച്ചാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. അതേസമയം, ദേവസ്വം ബോർഡിന്റെ നിർദേശ പ്രകാരമാണ് പ്രവർത്തിച്ചത് എന്നായിരുന്നു ശ്രീകുമാറിന്റെ വാദം. എന്നാൽ, ശ്രീകുമാറിനെ ചോദ്യം ചെയ്യണമെന്ന എസ്ഐടിയുടെ വാദം കോടതി അം​ഗീകരിക്കുകയായിരുന്നു.

അതേസമയം, കേസില്‍ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിൻ്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. റിമാൻഡ് നീട്ടുന്നതിനായി പ്രതിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഈ മാസം 8 നാണ് പത്മകുമാറിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ബോർഡിൽ ഒപ്പമുണ്ടായിരുന്ന മറ്റ് അംഗങ്ങളെ കൂടി പ്രതിക്കൂട്ടിലാക്കുന്നതാണ് ജാമ്യ ഹർജി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശിയ കട്ടിളപ്പാളികൾ കൈമാറിയത് അടക്കം കൂട്ടായെടുത്ത തീരുമാനമെന്നാണ് പത്മകുമാറിൻ്റെ വാദം. മിനുട്സിൽ ചെമ്പ് എന്നെഴുതിയത് ബോർഡ് അംഗങ്ങളുടെ അറിവോടെയാണെന്നും പത്മകുമാർ പറയുന്നു. മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുന്നതിലെ എതിർപ്പാണ് ജാമ്യ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.