എൻ വാസു ദേവസ്വം കമ്മീഷണർ ആയിരിക്കെ വാസുവിൻ്റെ ഓഫീസിലെ ശബരിമല സെക്ഷൻ ക്ലർക്കായിരുന്നു ശ്യാം പ്രകാശിനെതിരെയാണ് നടപടി.
പത്തനംതിട്ട: ശബരിമല സ്വർണ കൊള്ളയിൽ 2019 ലെ വിവാദ ഫയലുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥന് നിർബന്ധിത അവധിക്ക് പിന്നാലെ സ്ഥലംമാറ്റം. എൻ വാസു ദേവസ്വം കമ്മീഷണർ ആയിരിക്കെ വാസുവിൻ്റെ ഓഫീസിലെ ശബരിമല സെക്ഷൻ ക്ലർക്കായിരുന്നു ശ്യാം പ്രകാശിനെതിരെയാണ് നടപടി. നിലവിൽ ദേവസ്വം വിജിലൻസ് തിരു. സോൺ ഓഫീസർ ആയിരുന്നു ശ്യാം പ്രകാശ്. സ്വർണകൊള്ള അന്വേഷണം തുടങ്ങിയ ശേഷമാണ് ഈ ഉദ്യോഗസ്ഥൻ തന്റെ ഓഫീസിൽ ഉണ്ടെന്ന് വിജിലൻസ് എസ്പി തിരിച്ചറിഞ്ഞത്. തുടർന്ന് നിർബന്ധിത അവധിയിൽ പോകാൻ എസ്പി നിർദേശിക്കുകയായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ സ്ഥലംമാറ്റം. ദേവസ്വം വിജിലൻസിൽ നിന്ന് വർക്കല ഗ്രൂപ്പിലേക്കാണ് ശ്യാം പ്രകാശിനെ സ്ഥലംമാറ്റിയത്. വർക്കല അസിസ്റ്റൻ്റ് ദേവസം കമ്മീഷണർ ആയിട്ടാണ് സ്ഥലംമാറ്റം. സ്വർണം 'ചെമ്പായ ' ഫയലുകൾ കൈകാര്യം ചെയ്തത് ശ്യാം പ്രകാശായിരുന്നു.
എ പത്മകുമാറിനെ എസ്ഐടി ഉടൻ ചോദ്യം ചെയ്യും
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം മുൻ പ്രസിഡന്‍റ് എ പത്മകുമാറിനെ എസ്ഐടി ഉടൻ ചോദ്യം ചെയ്യും. പത്മകുമാറിന്‍റെ സെക്രട്ടറി അടക്കമുള്ളവരെ വിളിച്ചുവരുത്തി വിവരങ്ങൾ തേടി. കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പത്തനംതിട്ട ജില്ലാ കോടതി ഇന്ന് വിധി പറയും. പത്തനംതിട്ട ജില്ലാ കോടതി ഉച്ചയ്ക്ക് ശേഷമാകും വിഷയം പരിഗണിക്കുക. ഹർജിയിൽ ചൊവ്വാഴ്ച വാദം പൂർത്തിയായിരുന്നു. തനിക്കെതിരായ ആരോപണങ്ങൾക്ക് അടിസ്ഥാനം ഇല്ലെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും കാട്ടിയാണ് എസ് ജയശ്രീ കോടതിയെ സമീപിച്ചത്. സമാന ഉള്ളടക്കത്തോടെ ഇവർ നൽകിയ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
