ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം മുന്‍ പ്രസിഡന്‍റ് എ.പത്മകുമാറിനെ എസ്ഐടി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. പത്മകുമാര്‍ നടത്തുന്ന വെളിപ്പെടുത്തൽ ഇനി നിര്‍ണ്ണായകമാണ്. മുരാരി ബാബുവിന്‍റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ.പത്മകുമാറിനെ എസ്ഐടി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള പത്മകുമാറിന്‍റെ ഇടപാടുകളില്‍ വിശദമായ പരിശോധന നടത്തും. ചോദ്യം ചെയ്യലില്‍ പത്മകുമാര്‍ നടത്തുന്ന വെളിപ്പെടുത്തൽ ഇനി നിര്‍ണ്ണായകമാണ്. ഭരണ നേതൃത്വത്തിലെ ഉന്നതര്‍ക്ക് കവര്‍ച്ചയില്‍ പങ്കുണ്ടോയെന്നതടക്കം കണ്ടെത്തണം. പത്മകുമാറിനൊപ്പം തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിലുണ്ടായിരുന്ന രണ്ട് അംഗങ്ങളുടെ മൊഴിയെടുത്തതല്ലാതെ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനായി പത്മകുമാര്‍ രേഖകളിൽ തിരുത്തൽ വരുത്തിയെന്നാണ് അംഗങ്ങളുടെ മൊഴി. ഇതാണ് പത്മകുമാറിന് തിരിച്ചടിയായത്. സര്‍ക്കാരിന് ലഭിച്ച പോറ്റിയുടെ അപേക്ഷയാണ് ബോര്‍ഡിലേക്ക് നല്‍കിയതെന്ന പത്മകുമാറിന്‍റെ മൊഴിയിലും എസ്ഐടി കൂടുതല്‍ വ്യക്തത തേടും. കേസിലെ മറ്റൊരു പ്രതിയായ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്‍റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും.

ജയശ്രീയുടെ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

ശബരിമല സ്വർണപ്പാളി കേസ് നാലാം പ്രതിയും ദേവസ്വം ബോർ‍‍ഡ് മുൻ സെക്രട്ടറിയുമായ ജയശ്രീ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജയശ്രീയുടെ അറസ്റ്റ് തൽക്കാലത്തേക്ക് തടഞ്ഞിട്ടുണ്ട്. ദേവസ്വം ബോർഡിൽ ഉദ്യോഗസ്ഥ മാത്രമായിരുന്നെന്നും മേൽത്തട്ടിൽ നിന്നുളള നിർദേശങ്ങൾ നടപ്പാക്കുകയാണ് ചെയ്തെന്നും ഹർജിയിലുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. ജയശ്രീയുടെ ഹർജി ഇന്നലെ ഹൈക്കോടതി പരിഗണിച്ചെങ്കിലും കൂടുതൽ വാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

എ പത്മകുമാറിനെതിരായ സിപിഎം നടപടി വൈകും

അതേസമയം, ശബരിമല സ്വര്‍ണ്ണമോഷണക്കേസിൽ അറസ്റ്റിലായ എ പത്മകുമാറിനെതിരായ സിപിഎം നടപടി വൈകും. വിശ്വസിച്ച് ചുമതലയേൽപ്പിച്ചവര്‍ വഞ്ചിച്ചെന്ന് പറയുമ്പോഴും നടപടിക്ക് കുറ്റപത്രം വരുന്നതുവരെ കാക്കാനാണ് നേതൃത്വത്തിന്‍റെ തീരുമാനം. സ്വര്‍ണ്ണമോഷണക്കേസിൽ റിമാന്‍റിലായിട്ടും സിപിഎം പത്മകുമാറിനെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ശബരിമല സ്വര്‍ണ്ണമോഷണ കേസിൽ റിമാന്‍ഡിലായ പത്മകുമാറിനോടുള്ള നിലപാടിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ എംവി ഗോവിന്ദൻ പറഞ്ഞു. എന്നാൽ, ശബരിമല സ്വര്‍ണ്ണമേഷണക്കേസിൽ ഉൾപ്പെട്ട ആര്‍ക്കും സംരക്ഷണം ഉണ്ടാകില്ലെന്ന് സിപിഎം ആവര്‍ത്തിക്കുമ്പോൾ നടപടി വൈകുന്നതെന്തിനെന്നാണ് പ്രതിപക്ഷ ചോദ്യം. ശബരിമല സ്വര്‍ണ മോഷണക്കേസിൽ അന്വേഷണ സംഘം ഒന്നിന് പുറകെ ഒന്നായി പാര്‍ട്ടി നേതാക്കളിലേക്ക് എത്തുന്നത് തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുകയാണ് . അതേസമയം, തിടുക്കപ്പെട്ട നടപടി ഗുണം ചെയ്യില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്.

എൻ വാസുവിന്‍റെ റിമാന്‍ഡ് കാലാവധി നീട്ടി

എൻ വാസുവിന്‍റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. കൊല്ലം വിജിലൻസ് കോടതിയാണ് റിമാൻഡ് കാലാവധി നീട്ടി ഉത്തരവിറക്കിയത്. വാസുവിനെതിരെ മുദ്രാവാക്യം വിളിച്ചും കരിങ്കൊടി കാണിച്ചും ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. കോടതിയിൽ നിന്ന് വാസുവിനെ ഇറക്കുന്ന സമയത്തായിരുന്നു പ്രതിഷേധം. പത്മകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകളിൽ വിശദമായ പരിശോധനയക്കാണ് പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങുന്നത്. പോറ്റി സർക്കാരിനെയും സമീച്ചിരുന്നുവെന്ന മൊഴിയിലും കൂടുതൽ വ്യക്തതയുണ്ടാക്കും.

YouTube video player