കോഴിക്കോട്: ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നിലവിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാട് സ്വാഗതാർഹമാണെന്ന് വടകര എംപിയും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ കെ മുരളീധരൻ. ശബരിമല വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശാല ബെഞ്ചിന്റെ തീരുമാനത്തിലേക്ക് വിട്ടത് സുപ്രീം കോടതിക്ക് പഴയ വിധിയിൽ തൃപ്തിയില്ലാത്തത് കൊണ്ടാകാമെന്നും കെ മുരളീധരൻ പറഞ്ഞു.

"ശബരിമല യുവതീ പ്രവേശനം അടക്കമുള്ള കാര്യങ്ങൾ പുതിയ ബെഞ്ചിന് വിട്ടിരിക്കുകയാണ്. പഴയ വിധിയിൽ കോടതി തൃപ്തരല്ല എന്നു വേണം കരുതാൻ. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന സ്വാഗതാർഹമാണ്. വൈകിയാണെങ്കിലും സർക്കാർ നിലപാട് മാറ്റിയത് നന്നായി," എന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു.

അതേസമം ഇനിയും കരുതിക്കൂട്ടി ശബരിമലയിലേക്ക് വരുന്ന യുവതികളെ ഭക്തർ നോക്കിക്കോളുമെന്നും കെ മുരളീധരൻ പറഞ്ഞു. കെപിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട പാർട്ടി കാര്യങ്ങൾ കോടതിയിലേക്ക് വലിച്ചിഴക്കരുതെന്ന് പറഞ്ഞ മുരളീധരൻ, അത്തരക്കാർക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്നും കൂട്ടിച്ചേർത്തു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.