നിയന്ത്രണങ്ങളോടെ ആണ് പാതയിലൂടെ യാത്രയ്ക്കുള്ള അനുമതി. ഈ മാസം പന്ത്രണ്ട് വരെ തീർത്ഥാടകർക്ക് പാത വഴി സന്നിധാനത്തേക്ക് പോകാം.
പത്തനംതിട്ട: ശബരിമല (Sabarimala) പരമ്പരാഗത കരിമല പാത (Karimala) തീര്‍ത്ഥാടകര്‍ക്കായി തുറന്നു. നിയന്ത്രണങ്ങളോടെ ആണ് പാതയിലൂടെ യാത്രയ്ക്കുള്ള അനുമതി. ഈ മാസം പന്ത്രണ്ട് വരെ തീർത്ഥാടകർക്ക് പാത വഴി സന്നിധാനത്തേക്ക് പോകാം.
35 കിലോമീറ്റർ ദൈര്‍ഘ്യമേറിയ കാല്‍നടയാത്രയാണ് കരിമല പാതയിലൂടെ ഉള്ളത്. മഹിഷിനിഗ്രഹം കഴിഞ്ഞ് കരിമല പാത വഴി പതിനെട്ട് കിലോമീറ്റര്‍ കൊടും വനത്തിലൂടെ അയ്യപ്പനും വാവരും സന്നിധാനത്ത് എത്തിയെന്നാണ് വിശ്വാസം. വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് ഏരുമേലിയില്‍ പേട്ടതുള്ളുന്ന തീര്‍ത്ഥാടകരില്‍ നല്ലൊരുശതമാനവും പരമ്പരാഗത പാതയിലൂടെ സന്നിധാനത്ത് എത്തുന്നത്. ഇതരസംസ്ഥാന ങ്ങളില്‍ നിന്നുള്ളവരാണ് അധികവും ഈ വഴിയിലേക്ക് എത്തുന്നത്.
എരുമേലി കൊച്ചമ്പലത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പാത തീര്‍ത്ഥാടകര്‍ക്കായി തുറന്ന് കൊടുത്തു. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കഴിഞ്ഞ രണ്ട് വര്‍ഷമായി തീര്‍ത്ഥാടകരെ പരമ്പരാഗത പാതയിലൂടെ കടത്തി വിട്ടിരുന്നില്ല. വനസംരക്ഷണ സമിതി പ്രവര്‍ത്തകരാണ് പാത തെളിച്ചത്. ഒരാഴ്ച കൊണ്ട് ജോലികള്‍ പൂര്‍ത്തിയാക്കി. കരിമല, കല്ലിടാംകുന്ന്, ചെറിയാനവട്ടം, മുക്കുഴി എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് തങ്ങാനും വിരിവക്കാനും സൗകര്യം ഒരുക്കിയിടുണ്ട്. വിരിവെക്കുന്ന സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പിന്‍റെ പ്രത്യേക പരിചരണ കേന്ദ്രങ്ങളും ഉണ്ട്.

