സന്നിധാനം: ശബരിമലയിൽ ഇന്ന് മകരവിളക്ക്. മകരസംക്രമ പൂജ ചടങ്ങുകൾ തുടങ്ങി. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾക്ക് വിധേയമായി 5000 പേർക്ക് മാത്രമാണ് സന്നിധാനത്ത് പ്രവേശനം അനുവദിക്കുക. ഇന്ന് ഒരു മണി വരെ പമ്പയിലെത്തുന്ന തീർത്ഥാടകരെ മാത്രമാണ് സന്നിധാനത്തേക്ക് കടത്തിവിടുക. നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും എല്ലാവിധ ആചാരനുഷ്ഠാനങ്ങളോടും കൂടിയാണ് മകരവിളക്ക് മഹോത്സവം നടത്തുന്നത്. 

പന്തളം കൊട്ടാരത്തിൽ നിന്ന് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര വൈകീട്ട് 6 മണിയോടെ സന്നിധാനത്ത് എത്തും. തുടർന്നാണ് തിരുവാഭരണം ചാർത്തിയുള്ള മഹാദീപാരാധനയും മകരവിളക്ക് ദർശനവും നടക്കുക. അതേസമയം, ശബരിമലയിലെ വരുമാനക്കുറവ് മറികടക്കാന്‍ ഭക്തർ സഹായിക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭ്യര്‍ത്ഥിച്ചു. ദേവസ്വം ബോർഡിന് ധനസഹായം നൽകുന്ന കാര്യം സർക്കാർ പരിഗണനയിലാണ്. ക്ഷേത്ര ജീവനക്കാർക്ക് ഉൾപ്പടെ സർക്കാർ സഹായം നൽകുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമലയുടെ വരുമാനം കഴിഞ്ഞ വർഷവുമായി താരത്മ്യം ചെയ്യുമ്പോൾ ഈ വർഷം വെറും ആറ് ശതമാനം മാത്രമാണ്. ഇതോടെ ദേവസ്വം ബോർഡിന് കീഴിലെ മറ്റു ക്ഷേത്രങ്ങൾ കൂടി സാമ്പത്തിക പ്രതിസന്ധിയിലായി ഈ സാഹചര്യത്തിലാണ് ബോർഡ് സർക്കാർ സഹായം തേടിയത്. നൂറ് കോടി രൂപയാണ് ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം മകരവിളക്ക് കാലത്ത് മാത്രം വരുമാനം 60 കോടി ആയിരുന്നു വരുമാനം. മണ്ഡലകാലത്ത് വരുമാനം കഴിഞ്ഞ പ്രാവശ്യത്തെ 6 ശതമാനം മാത്രമാണ് കിട്ടിയത്.