Asianet News MalayalamAsianet News Malayalam

ശബരിമല മകരവിളക്ക്: തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് ഇന്ന് പുറപ്പെടും, രാജപ്രതിനിധി അനുഗമിക്കില്ല

ഒരുക്കങ്ങൾ ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തിൽ അവലോകനം ചെയ്തു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അവലോകന യോഗത്തിൽ പങ്കെടുത്തു

Sabarimala Makaravilakku Idukki kgn
Author
First Published Jan 13, 2024, 6:44 AM IST

ഇടുക്കി: മകരവിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പന്തളത്ത് നിന്ന് പുറപ്പെടും. പാരമ്പരാഗത പാതയിലൂടെ 15 ന് വൈകിട്ട് സന്നിധാനത്ത്‌ എത്തും. പന്തളം രാജ കുടുംബാംഗം മരിച്ചതിനെ തുടർന്ന് വലിയ കോയിക്കൽ ക്ഷേത്രത്തിലും കൊട്ടാരത്തിലും ആചാരപരമായ ചടങ്ങുകൾ ഉണ്ടാകില്ല. രാജപ്രതിനിധിയും ഇക്കുറി ഘോഷയാത്രയെ അനുഗമിക്കില്ല.

ശബരിമല മകരവിളക്ക് ദർശനത്തിനായുള്ള ഒരുക്കങ്ങൾ ഇടുക്കിയിലും അവസാന ഘട്ടത്തിലെത്തി. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദർശന സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. വള്ളക്കടവ് ചെക്ക്പോസ്റ് വഴിയും ശബരിമലയിൽ നിന്ന് പുല്ലുമേട്ടിലേക്കും ഉച്ചയ്ക്ക് 2 വരെ മാത്രമേ ആളുകളെ കടത്തി വിടുകയുള്ളൂവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഒരുക്കങ്ങൾ ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തിൽ അവലോകനം ചെയ്തു.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അവലോകന യോഗത്തിൽ പങ്കെടുത്തു. തുടർന്ന് പുല്ലുമേട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെത്തി പരിശോധനയും നടത്തി. സത്രം പുല്ലുമേട് പാതക്ക് പുറമെ വള്ളക്കടവിൽ നിന്ന് പുല്ലുമേട് വഴിയും മകര വിളക്ക് ദിവസം ഭക്തരെ കടത്തിവിടും. പുല്ലുമേട് വരെ രണ്ടു കിലോമീറ്റർ ഇടവിട്ട് ആംബുലൻസ്, മെഡിക്കൽ ടീമിന്റെ സേവനം, ഓരോ കിലോമീറ്റർ ഇടവിട്ട് കുടിവെള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. അയ്യപ്പന്മാർ തിങ്ങിക്കൂടുന്ന പുല്ലുമേട്ടിൽ പൊതുമരാമത്ത് വകുപ്പ് ബാരിക്കേഡ് നിർമ്മിച്ചു. ഉപ്പുപാറ, പുല്ലുമേട് എന്നിവിടങ്ങളിൽ 5000 ലിറ്റർ വാട്ടർ ടാങ്ക് ജല അതോറിറ്റി സ്ഥാപിച്ചു. 

ആറ് പോയിൻറുകളിൽ അഗ്നിരക്ഷാ സേനാംഗങ്ങളുണ്ടാകും. കോഴിക്കാനം മുതൽ പുല്ലുമേട് വരെ 14 കിലോമീറ്റർ വെളിച്ചവും സജ്ജീകരിച്ചു. ഭക്തർക്ക് വിവിധ ഭാഷകളിൽ അറിയിപ്പുകളും നൽകും. മകരവിളക്ക് ദിവസം ബിഎസ്എൻഎൽ പുല്ലുമേട്ടിൽ മൊബൈൽ സേവനം ഉറപ്പാക്കും. കുമളിയിൽ നിന്ന് കെഎസ്ആർടിസി ബസുകൾ ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമാകും സർവീസ് നടത്തുക.

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios