Asianet News MalayalamAsianet News Malayalam

മകരവിളക്കിനൊരുങ്ങി ശബരിമല; തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും

പന്തളം കൊട്ടാരത്തിന്റെയും ദേവസ്വം ബോർഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തിലാണ് തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള ക്രമീകരണങ്ങൾ നടക്കുന്നത്

Sabarimala Makaravilakku Thiruvabharana Ghoshayathra
Author
First Published Jan 12, 2023, 6:53 AM IST

പത്തനംതിട്ട: ശബരിമലയിൽ മകരവിളക്കിന് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും. ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര പുറപ്പെടുന്നത്. പുലർച്ചെ അഞ്ച് മണിക്ക് ശ്രാന്പിക്കൽ കൊട്ടാരത്തിൽ നിന്ന് തിരുവാഭരണം വലിയകോയിക്കൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചിരുന്നു.

പന്തളം കൊട്ടാരത്തിന്റെയും ദേവസ്വം ബോർഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തിലാണ് തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള ക്രമീകരണങ്ങൾ നടക്കുന്നത്. വലിയ കോയിക്കൽ ക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്ക് ശേഷം പതിനൊന്നര വരെ ഭക്തർക്ക് തിരുവാഭരണ ദർശനത്തിനുള്ള അവസരമുണ്ട്. 

ഇരുത്തിയഞ്ച് പേരാണ് തിരവാഭരണ പേടകവാഹക സംഘത്തിലുള്ളത് . ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണം ശിരസിലേറ്റുന്നത് ഗുരു സ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയാണ്. അനാരോഗ്യം മൂലം ഘോഷയാത്രയിൽ മുഴുവൻ സമയവും അദ്ദേഹം ഉണ്ടാകില്ല. പരമ്പരാഗത പാതയിലൂടെ സഞ്ചരിക്കുന്ന ഘോഷയാത്ര ആദ്യ ദിനം അയിരൂർ പുതിയകാവ് ക്ഷേത്രത്തിലും രണ്ടാം ദിനം ളാഹ സത്രത്തിലും തങ്ങും. പന്തളം ഊട്ടുപുര കൊട്ടാരത്തിലെ രാജരാജ വർമ്മയാണ് ഘോഷയാത്രയെ അനുഗമിക്കുന്ന രാജപ്രതിനിധി.  ശനിയാഴ്ചയാണ് മകരവിളക്ക്.

അതേസമയം ശബരിമലയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തിൽ ഏലക്കയില്ലാത്ത അരവണ വിതരണം തുടങ്ങി. പുലർച്ചെ മൂന്നര മുതലാണ് അരവണ വിതരണം പുനരാരംഭിച്ചത്. കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലക്ക ഉപയോഗിച്ചെന്ന് കണ്ടെത്തിയതോടെ ഇന്നലെ അരവണ വിതരണം നിർത്തിയിരുന്നു.  ഇന്ന് അരവണ വാങ്ങാൻ ഭക്തരുടെ നീണ്ട ക്യൂ ഉണ്ടായി. അതേസമയം ഏലക്ക പ്രശ്നത്തിന് പരിഹാരം കാണാൻ ദേവസ്വം ബോർഡ് ശ്രമം തുടങ്ങി. ജൈവ ഏലക്കയ്ക്കായാണ് ഇപ്പോൾ അന്വേഷണം. കോടതി ഇന്നലെ ഈ സാധ്യത തേടിയിരുന്നു.

Follow Us:
Download App:
  • android
  • ios