ദില്ലി: ശബരിമല ഭരണ നിർവ്വഹണത്തിന് പ്രത്യേക നിയമം വേണമെന്ന് ആവശ്യപ്പെട്ട സുപ്രീം കോടതി, ഇതിന്റെ കരട് നാല് ആഴ്ചക്കകം കോടതിയിൽ സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു. തിരുവാതാംകൂർ കൊച്ചി ഹിന്ദു ആരാധനാലയ നിയമഭേതഗതി ബില്ല് 2009
ഒരു ജനറൽ ബില്ലല്ലേ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു.

ശബരിമലയെ പ്രത്യേകമായി തന്നെയാണ് കണക്കാക്കുന്നതെന്നായിരുന്നു സർക്കാരിന്റെ മറുപടി. ശബരിമലയിൽ 50 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകളെ മാത്രമെ നിയമിക്കു എന്ന് സർക്കാർ പറഞ്ഞു. ഗുരുവായൂർ തിരുപ്പതി മാതൃകയിൽ എന്തുകൊണ്ട് പ്രത്യേക നിയമം ആയിക്കൂടെന്ന് വീണ്ടും കോടതി ചോദിച്ചു.

ഈ കേസ് പരിഗണിക്കുന്നതിന്റെ പ്രധാന ലക്ഷ്യം പ്രത്യേക നിയമം തന്നെയാണെന്ന് കോടതി പറഞ്ഞു. ഇതിനായി മൂന്നുമാസത്തെ സമയം നൽകുന്നുവെന്നും, ബില്ലിന്റെ കരട് ഒരു മാസത്തിനകം ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഡിസംബറിലും ജനുവരിയിലുമൊക്കെ ഉത്സവകാലമാണെന്ന‌് പറഞ്ഞ്, സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടു.

ഉത്സവവും നിയമം ഉണ്ടാക്കുന്നതും തമ്മിൽ എന്താണ് ബന്ധമെന്നായി സുപ്രീം കോടതിയുടെ അടുത്ത ചോദ്യം. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് കോടതിയുടെ ഇടപെടൽ ഉണ്ടായാലേ നിയമം കൊണ്ടുവരാനാകൂ എന്ന് ചോദിച്ച കോടതി കേസ് പരിഗണിക്കുന്നത് ജനുവരി മൂന്നാം ആഴ്ചയിലേക്ക് മാറ്റി.

പന്തളം രാജകൊട്ടാരം സമർപ്പിച്ച ഹർജിയിൽ വാദം കേട്ടപ്പോഴാണ് സുപ്രീം കോടതി ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഇക്കാര്യത്തിൽ ഇന്ന് തന്നെ മറുപടി വേണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ഭരണ നിർവ്വഹണത്തിനായി പ്രത്യേക ബോർഡ് രൂപീകരിക്കാൻ നേരത്തെ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് പന്തളം രാജകുടുംബം സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്.

ശബരിമലയിൽ വർഷത്തിൽ 50 ലക്ഷത്തോളം തീർത്ഥാടകർ വരുന്നുണ്ടെന്നും അതുകൊണ്ട് മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യുന്നത് എങ്ങിനെയാണെന്നും കോടതി ചോദിച്ചു. ശബരിമലയ്ക്ക് വേണ്ടി മാത്രമായി ഒരു നിയമം കൊണ്ടുവരുന്നതിന് എന്താണ് തടസമെന്ന ചോദ്യവും സുപ്രീം കോടതിയിൽ നിന്നുണ്ടായി. ശബരിമലയ്ക്ക് അത്തരമൊരു നിയമം കൊണ്ടുവരേണ്ട സാഹചര്യം ഉണ്ടെന്നും കോടതി പ്രസ്താവിച്ചു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിശാല ഭരണഘടനാ ബെഞ്ചിന്റെ വിധി എതിരായാൽ, ശബരിമലയിൽ ലിംഗ സമത്വം എങ്ങിനെ ഉറപ്പാക്കുമെന്നും കോടതി ചോദിച്ചു. ഒരുപക്ഷെ ഈ വിധി എതിരായാൽ യുവതികളെ എങ്ങിനെ ശബരിമലയിൽ ജീവനക്കാരായി നിയമിക്കുമെന്നും അത് തടസമാകില്ലേയെന്നും കോടതി ചോദിച്ചു. ഈ ചോദ്യത്തിനാണ് ശബരിമലയിൽ 50 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകളെ മാത്രമേ നിയമിക്കാറുള്ളൂ എന്ന് സർക്കാർ മറുപടി നൽകിയത്. 

മുതിർന്ന അഭിഭാഷകനായ ജയ്‌ദീപ് ഗുപ്തയാണ് നേരത്തെ ഈ കേസിൽ സർക്കാരിന് വേണ്ടി ഹാജരായിരുന്നത്. ഇന്ന് അദ്ദേഹം എവിടെയെന്ന് കോടതി ചോദിച്ചു. ജയ്‌ദീപ്  ഗുപ്തയോട് ഹാജരാകാൻ ആവശ്യപ്പെട്ട കോടതി, ഉച്ചയോടെ കേസ് വീണ്ടും പരിഗണിക്കുകയായിരുന്നു.

ദേവപ്രശ്നത്തിന്റെ അടിസ്ഥാനത്തിൽ ശബരിമലയിൽ ചില മാറ്റങ്ങൾ ആവശ്യപ്പെട്ട് 2011 ലാണ് പന്തളം രാജകുടുംബം സുപ്രീംകോടതിയിലെത്തിയത്. ആ കേസ് പരിഗണിക്കുന്നതിനിടെയാണ് ശബരിമല ഉൾപ്പടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങൾക്കും വേണ്ടി പുതിയ നിയമം കൊണ്ടുവരുന്നത് പന്തളം രാജകുടുംബം വീണ്ടും ചോദ്യം ചെയ്തത്. തിരുവാതാംകൂർ കൊച്ചി ഹിന്ദു ആരാധനാലയ നിയമഭേദഗതി ബില്ല് 2006 ന് എതിരെയാണ് ഹർജി. ദേവപ്രശ്നത്തിന്റെ അടിസ്ഥാനത്തിൽ ഭരണമാറ്റങ്ങൾ വേണമെന്ന് പന്തളം രാജകുടുംബവും വാവർ പള്ളിയിൽ ഹിന്ദു പൂജാരി വേണമെന്ന ദേവപ്രശ്നത്തിലെ നിർദ്ദേശത്തെ ചോദ്യം ചെയ്തുള്ള മറ്റൊരു ഹർജിയുമാണ് കേസിലുള്ളത്.