വിഷുവിനോട് അനുബന്ധിച്ച് ശബരിമലയിൽ ആഗോള അയ്യപ്പ സംഗമം നടത്താനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്.കോടതി അനുമതി കിട്ടിയാൽ അയ്യപ്പ ചിത്രങ്ങൾ ആലേഖനം ചെയ്ത സ്വര്‍ണ്ണ ലോക്കറ്റുകളും വിഷുവിന് പുറത്തിറക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു.
തിരുവനന്തപുരം:വിഷുവിനോട് അനുബന്ധിച്ച് ശബരിമലയിൽ ആഗോള അയ്യപ്പ സംഗമം നടത്താനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. അൻപതിലധികം രാജ്യത്തിൽ നിന്നുള്ള അയ്യപ്പഭക്തർ ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്ത് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
കോടതി അനുമതി കിട്ടിയാൽ അയ്യപ്പ ചിത്രങ്ങൾ ആലേഖനം ചെയ്ത സ്വര്‍ണ്ണ ലോക്കറ്റുകളും വിഷുവിന് പുറത്തിറക്കും. റെക്കോർഡ് വര്‍ധനയാണ് ഇത്തവണ ശബരിമല വരുമാനത്തിൽ ഉണ്ടായത്. ആകെ 440 കോടി രൂപയാണ് ഇത്തവണത്തെ വരുമാനം. കഴിഞ്ഞ വർഷത്തേക്കാർ 86 കോടി രൂപ അധികമാണ് ഇത്. 55 ലക്ഷം തീര്‍ത്ഥാടകരാണ് ഇത്തവണ ദര്‍ശനം നടത്തിയത്. 15000ത്തിലധികം ഉദ്യോഗസ്ഥരുടെ പരിശ്രമത്തിന്‍റെ ഫലമായാണ് ശബരിമല തീര്‍ത്ഥാടനം പരാതി രഹിതമായത്.
ശബരിമല റോപ് വേ പദ്ധതിക്ക് രണ്ടാഴ്ച്ചയ്ക്കകം വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി തേടുമെന്നും മാർച്ചിൽ പദ്ധതിക്ക് തറക്കല്ലിടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2026ലെ മണ്ഡലകാലത്ത് പദ്ധതി പൂര്‍ത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്കറ്റുകള്‍ പുറത്തിറക്കുന്നത് കോടതി അനുമതിയോടെയായിരിക്കും.
രണ്ട് ഗ്രാം, നാല് ഗ്രാം, ആറ് ഗ്രാം, എട്ട് ഗ്രാം തൂക്കമുള്ള അയ്യപ്പന്‍റെ ചിത്രം പതിച്ച സ്വര്‍ണ്ണ ലോക്കറ്റുകൽ നിര്‍മിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോടതിയുടെ അനുമതിയോടെ വിഷുക്കൈനീട്ടം എന്ന നിലയിൽ ലോക്കറ്റ് പുറത്തിറക്കും. ശബരിമലയിൽ പൂർണമായി സോളർ വൈദ്യുതിയിലേക്ക് മാറും. ഇതിനായി മാർച്ച് 31 ന് മുമ്പ് വിശദ പദ്ധതിരേഖ സമർപ്പിക്കാൻ നിര്‍ദേശം നൽകിയിട്ടുണ്ട്.
ഇത്തവണ 5 ലക്ഷത്തിലകം ഭക്തജനങ്ങൾ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികം ശബരിമലയിൽ എത്തി. 147 കോടി രൂപ മണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട് ചെലവായെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് , അംഗം അഡ്വ. എ. അജികുമാർ എന്നിവര്‍ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.

