അത്യാഹിതമുണ്ടായാൽ ആളുകളെ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള ആംബുലൻസ് സൗകര്യമാണ് മറ്റൊരു വെല്ലുവിളി. നിലവിൽ സർക്കാ‍ർ ആംബുലൻസുകൾക്ക് പുറമെ സ്വകാര്യ ആംബുലൻസുകളും കൊവിഡ് ഡ്യൂട്ടിക്ക് വിനിയോഗിച്ചിരിക്കുകയാണ്. 

പത്തനംതിട്ട: ശബരിമലയിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ആരോഗ്യവകുപ്പ്. നിയന്ത്രണങ്ങളോടെയാണ് പ്രവേശനമെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് പ്രധാന വെല്ലുവിളി. ഇതിനിടെ ശബരിമല ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയും ആവശ്യപ്പെട്ടിട്ടുണ്ട്.

വിർച്ച്വൽ ക്യൂ വഴിയാണ് സന്നിധാനത്തേക്ക് പ്രവേശനമെങ്കിലും ഈ തീർത്ഥാടന കാലം നേരിടാൻ പോകുന്നത് വലിയ വെല്ലുവിളികളാണ്. ആരോഗ്യ വകുപ്പിന് ആശങ്കയുണ്ടാക്കുന്ന ചില ചോദ്യങ്ങളുമുണ്ട്. ശബരിമലയിലേക്ക് വരുന്ന ഭക്തർക്ക് മുഴുവൻ എങ്ങനെ ആന്‍റിജന്‍ പരിശോധന നടത്തും. പൊസീറ്റീവ് ആകുന്നവരെ എവിടെ പ്രവേശിപ്പിക്കും. സംഘമായി വരുന്നവരിൽ ഒരാൾക്ക് പൊസീറ്റീവായാൽ ഒപ്പമുള്ളവരെ എവിടേക്ക് മാറ്റും. ഡ്യൂട്ടിയിലുളള ആരോഗ്യപ്രവർത്തകർക്കും പൊലീസുകാ‍ർ‍ക്കും രോഗം ബാധിച്ചാൽ പകരം സംവിധാനം എങ്ങനെ?. 

മണ്ഡല മകരവിളക്ക് കാലത്ത് ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കം നിരവധി ആളുകൾ സന്നിധാനത്തേക്കെത്തും. ഈ സാഹചര്യത്തിൽ മറ്റ് ആരോഗ്യ പ്രശ്‍നങ്ങള്‍ ഉണ്ടാകുന്നവരെ കൊവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടാകാതിരിക്കാനുള്ള പ്രത്യേക സംവിധാനങ്ങളും വേണം. പത്തനംതിട്ട ജില്ലയിലെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും കൊവിഡ് ഡ്യൂട്ടിയിലുമാണ്.

അത്യാഹിതമുണ്ടായാൽ ആളുകളെ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള ആംബുലൻസ് സൗകര്യമാണ് മറ്റൊരു വെല്ലുവിളി. നിലവിൽ സർക്കാ‍ർ ആംബുലൻസുകൾക്ക് പുറമെ സ്വകാര്യ ആംബുലൻസുകളും കൊവിഡ് ഡ്യൂട്ടിക്ക് വിനിയോഗിച്ചിരിക്കുകയാണ്. അതേസമയം പത്തനംതിട്ട ജനറൽ ആശുപത്രി കൊവിഡ് ആശുപത്രി ആയതിനാൽ കോന്നി മെഡിക്കൽ കോളേജ് ബേസ് ആശുപത്രി ആക്കണമെന്ന് കെജിഎംഒ നിർദേശം നൽകിയിട്ടുണ്ട്.