തിരുവല്ല: മണ്ഡലകാല തീര്‍ത്ഥാടനത്തിനായി അയ്യപ്പഭക്തർ ശബരിമലയിലേക്ക് എത്തിത്തുടങ്ങിയിട്ടും ഒരുക്കങ്ങൾ എങ്ങുമെത്താതെ ചെങ്ങന്നൂർ. പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് അയ്യപ്പഭക്തർക്കായി റെയിൽ വേസ്റ്റേഷനിൽ ഉൾപ്പടെ ഏർപ്പെടുത്തിയിട്ടുള്ളത്. ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്കുള്ള ബസ് സർവ്വീസ് ഇന്ന് ആരംഭിച്ചു.

ശബരിമലയിലേക്ക് പോകാൻ ഇതര സംസ്ഥാനത്ത് നിന്നുൾപ്പടെ ദിവസവും ഏഴായിരത്തോളം അയ്യപ്പഭക്തർ എത്തുന്ന പ്രധാന സ്ഥലമാണ് ചെങ്ങന്നൂർ. എന്നാൽ, ചെങ്ങന്നൂരിൽ അയ്യപ്പഭക്തർക്കായി ഏർപ്പെടുത്തിയിരിക്കുന്നത് പരിമിതമായ സൗകര്യങ്ങൾ മാത്രമാണ്. 500 പേർക്ക് വിരിവെച്ച് വിശ്രമിക്കാനുള്ള സൗകര്യം മാത്രമാണ് നിലവിൽ ഇവിടെയുള്ളത്.റെയിൽ വേസ്റ്റേഷന് പുറത്ത് മോടി പിടിപ്പിക്കുന്ന ജോലികൾ നടക്കുന്നതിനാൽ അവിടെയും പരിമിതമായ ഇടം മാത്രമാണ് കിട്ടുക.

തീർത്ഥാടകർക്കായി ഏർപ്പെടുത്തിയിരുന്ന ശുചിമുറികളിൽ പലതും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ഭക്തർക്കായി റെയിൽവേ സ്റ്റേഷനിൽ സസ്യഭക്ഷണം എത്തിക്കുമെന്ന വാക്ക് ഇക്കുറിയും പാഴായി. ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം കേന്ദ്രമാക്കി പ്രഖ്യാപിച്ച ഇടത്താവള സമുച്ചയ പദ്ധതിയും നടപ്പായിട്ടില്ല. ഇതോടെ അസൗകര്യങ്ങളുടെ നടുവിൽ തന്നെയാകും ഈ തീർത്ഥാടന കാലവും കടന്നു പോവുക.

അതേസമയം, കെഎസ്ആർടിസി പമ്പയിലേക്കുള്ള സർവ്വീസുകൾ തുടങ്ങി. എഴുപത് ബസുകളാണ് സർവ്വീസ് നടത്തുന്നതിനായി ക്രമീകരിച്ചിരിക്കുന്നത്.