Asianet News MalayalamAsianet News Malayalam

ശബരിമലപാതകളിൽ തിരക്ക് തുടരുന്നു, ഭക്ഷണവും വെളളവും കിട്ടാതെ തീർത്ഥാടകർ, ഇന്ന് മുഖ്യമന്ത്രിയുടെ അവലോകന യോഗം

പ്ലാപള്ളി ഇലവുങ്കൽ പാതയിൽ ഉൾപ്പെടെ വനമേഖലയിൽ കുടുങ്ങിപ്പോകുന്ന തീർത്ഥാടകർ വെള്ളമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലാണ്. രാവിലെ മുഖ്യമന്ത്രി അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിൽ പ്രശ്ന പരിഹാരത്തിനുള്ള തീരുമാനമുണ്ടാകും എന്നാണ് പ്രതീക്ഷ.

sabarimala pilgrims heavy rush continues cm of kerala meeting today apn
Author
First Published Dec 12, 2023, 6:16 AM IST

പത്തനംതിട്ട :ശബരിമലയിലേക്കുള്ള തീർത്ഥാട വഴികളിലെല്ലാം തിരക്ക് തുടരുന്നു. പമ്പയിലും നിലയ്ക്കലും ആവശ്യത്തിന് കെഎസ്ആർടിസി സർവീസ് നടക്കുന്നില്ലെന്ന് ആരോപിച്ച് രാത്രി വൈകിയും തീർത്ഥാടകർ പ്രതിഷേധിച്ചു. വിവിധ ഇടത്താവളങ്ങളിൽ വാഹനങ്ങൾ പിടിച്ചിട്ടാണ് പൊലീസ് നിലവിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തുന്നത്. 

പ്ലാപള്ളി ഇലവുങ്കൽ പാതയിൽ ഉൾപ്പെടെ വനമേഖലയിൽ കുടുങ്ങിപ്പോകുന്ന തീർത്ഥാടകർ വെള്ളമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലാണ്. രാവിലെ മുഖ്യമന്ത്രി അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിൽ പ്രശ്ന പരിഹാരത്തിനുള്ള തീരുമാനമുണ്ടാകും എന്നാണ് പ്രതീക്ഷ. തീർത്ഥാടകരുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് യുഡിഎഫ് സംഘം ഇന്ന് ശബരിമലയിൽ എത്തും.

ശബരിമലയിലെ തിരക്ക് നിയന്ത്രണ വിധേയമാക്കാൻ പൊലീസ് സ്വീകരിച്ച നടപടികൾ സന്നിധാനത്തിന്‍റെ ചുമതലയുള്ള എഡിജിപി ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ഉച്ചയക്ക് 2 മണിയ്ക്കാണ് ഹൈക്കോടതി വിഷയം പരിഗണിക്കുക. തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച കാര്യങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ സഹിതം കാര്യങ്ങൾ വിശദീകരിക്കുമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.ശബരിമലയിലെ തിരക്കിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. നിലയ്ക്കലിലെ പാർക്കിംഗ് ഗ്രൗണ്ടിലെ പ്രശ്നം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പത്തനംതിട്ട എസ്പിയോടും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. 


മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം

ശബരിമല തീ‍ർത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് ഓൺലൈൻ ആയിട്ടാണ് യോഗം. ദേവസ്വം മന്ത്രി, മറ്റ് മന്ത്രിമാ‍ർ, ചീഫ് സെക്രട്ടറി, ദേവസ്വം ബോർ‍ഡ് പ്രസിഡന്റ്, ഡിജിപി എന്നിവ‍ർ പങ്കെടുക്കും. കഴിഞ്ഞ ദിവസങ്ങിളിലെ തിക്കും തിരക്കും കൂടി തീർത്ഥാടകർ ബുദ്ധിമുട്ടിയ സാഹചര്യത്തിലാണ് യോഗം ചേരുന്നത്. മണിക്കൂറുകളോളമാണ് തീർത്ഥാടക‍ർ ദ‍ർശനത്തിനായി കാത്തു നിൽക്കേണ്ടി വരുന്നത്. അടിയന്തരമായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാണ് യോഗം.

 

 

 

 


 

Latest Videos
Follow Us:
Download App:
  • android
  • ios