ദില്ലി: ശബരിമല സ്വകാര്യബിൽ ചർച്ചയ്ക്കെടുക്കില്ല. ഇന്ന് ചര്‍ച്ചയ്ക്കെടുക്കേണ്ട ബില്ലുകള്‍ക്കായുള്ള നറുക്കെടുപ്പില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി ലോക്സഭയില്‍ അവതരിപ്പിച്ച നാല് സ്വകാര്യ ബില്ലുകള്‍ക്കും നറുക്ക് വീണില്ല. തൊഴിലുറപ്പ്, ഇഎസ്ഐ, സര്‍ഫാസി നിയമ ഭേദഗതി ഇവയായിരുന്നു മറ്റ് ബില്ലുകള്‍. സുപ്രീംകോടതി വിധിക്ക് മുന്‍പുള്ള സ്ഥിതി ശബരിമലയില്‍ തുടരണമെന്നായിരുന്നു ബില്ലിലെ ആവശ്യം.

'ശബരിമല ശ്രീധര്‍മശാസ്ത ക്ഷേത്ര ബില്‍' എന്ന പേരിലാണ് എന്‍കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. 17-ാമത് ലോക്സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലായിരുന്നു ഇത്. ഏതൊക്കെ ബില്ല് അവതരിപ്പിക്കണം എന്ന് നറുക്കെടുപ്പിലൂടെയാണ് തീരുമാനിക്കുക. പല എംപിമാരും പല വിഷയങ്ങളും സഭയ്ക്ക് മുന്നിൽ കൊണ്ടുവരുന്നുണ്ടാകാം. പക്ഷേ ഇതിൽ ഏതൊക്കെയാണ് അവതരിപ്പിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് നറുക്കെടുപ്പിലൂടെയാണ്. 

ഒമ്പത് എംപിമാര്‍ അവതരിപ്പിച്ച 30 സ്വകാര്യ ബില്ലുകളാണ് ആകെ നറുക്കെടുപ്പിനുണ്ടായിരുന്നത്. ബീഹാറിന്‍ നിന്നുള്ള  ജനാര്‍ദ്ദന്‍ സിങ് സിഗ്രിവാള്‍, ഝാര്‍ഖണ്ഡില്‍ നിന്നുള്ള സുനില്‍ കുമാര്‍ സിങ്, മഹാരാഷ്ട്രയില്‍ നിന്നുള്ള ഷ്രിരാംഗ് ബര്‍നേ എന്നിവര്‍ സമര്‍പ്പിച്ച ബില്ലുകളാണ് നറുക്കെടുപ്പില്‍ ജയിച്ചത്. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധി മറികടക്കാന്‍ ലക്ഷ്യമിട്ടാണ് എന്‍ കെ പ്രേമചന്ദ്രന്‍ സ്വകാര്യബില്‍ അവതരിപ്പിച്ചത്. ഇനിവരുന്ന നറുക്കെടുപ്പുകളിലും പ്രേമചന്ദ്രന്‍റെ ബില്‍ ഉള്‍പ്പെടുത്തുമെങ്കിലും ചര്‍ച്ചയ്ക്ക് വരാനുള്ള സാധ്യത കുറയുമെന്നാണ് സൂചന.