തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ 1,250 ക്ഷേത്രങ്ങളുണ്ടെങ്കിലും പ്രധാന വരുമാന സ്രോതസ്സ് ശബരിമലയാണ്. 2019ല്‍ 270 കോടി വരുമാനം കിട്ടിയ ശബരിമലയില്‍ നിന്ന് കഴിഞ്ഞ സീസണില്‍ കിട്ടിയത് 21 കോടി മാത്രം.

പത്തനംതിട്ട: ശബരിമലയില്‍ നിന്നുള്ള വരുമാനം പത്തിലൊന്നായി കുറഞ്ഞതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. വരുന്ന മാസപൂജക്ക് പ്രതിദിനം പതിനായിരം തീര്‍ത്ഥാകരയെങ്കിലും അനുവദിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനെ സമീപിച്ചു. 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ 1,250 ക്ഷേത്രങ്ങളുണ്ടെങ്കിലും പ്രധാന വരുമാന സ്രോതസ്സ് ശബരിമലയാണ്. 2019ല്‍ 270 കോടി വരുമാനം കിട്ടിയ ശബരിമലയില്‍ നിന്ന് കഴിഞ്ഞ സീസണില്‍ കിട്ടിയത് 21 കോടി മാത്രം. കൊവിഡ് രണ്ടാം വ്യാപനവും ലോക്ഡൗണും വന്ന സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് മാസപൂജക്കും ഭക്തരെ അനുവദിച്ചില്ല. വരുമാന നശ്ടം കൂടി കണക്കിലെടുത്ത് കര്‍ക്കിടക മാസ പൂജക്ക് ഭക്തരെ അനുവദിക്കണമെന്നാണ് തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ആവശ്യം. വാക്സീനെടുത്തവരേയും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരേയും കൊവിഡ് മാനദണ്ഡം പാലിച്ച്, പ്രവേശിപ്പിക്കാം. വെർച്വൽ ക്യൂ വഴി പ്രതിദിനം പതിനാിരം പേരെയങ്കിലും ശബരിമലയില്‍ അനുവദിക്കണമെന്നുമാണ് ആവശ്യം.

ദേവസ്വം ബോർഡിന് കീഴിലുള്ള ജീവനക്കാര്‍ക്ക് ശമ്പളവും പെൻഷനുമായി പ്രതിമാസം 40 കോടിയോളം വേണം. അടിയന്തരസഹായമായി 100 കോടി അനുവദിക്കണമെന്നാവശ്യപ്പെട്ട് ബോര്‍ഡ്, കഴിഞ്ഞ മാസം സര്‍ക്കാരിന് കത്ത് നല്‍കിയെങ്കിലും തീരുമാനമായിട്ടില്ല. നിലവിലെ പ്രതിസന്ധി തുടര്‍ന്നാല്‍ അടുത്തമാസം ശമ്പളവും പെന്‍ഷനും മുടങ്ങിയേക്കുമെന്ന ആശങ്കയും ശക്തമാണ്.