തിരുവന്തപുരം: മണ്ഡലമകരവിളക്ക് കാലത്ത് യുവതികളെ ശബരിമലയിലേക്ക് അയച്ച് സര്‍ക്കാര്‍ പ്രശ്‍നങ്ങള്‍ മനപ്പൂര്‍വ്വം ഉണ്ടാക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവതീപ്രവേശന വിധിയില്‍ സ്റ്റേയില്ലെങ്കിലും വിശാല ബെഞ്ച് വിധി പരിശോധിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ധൃതിപിടിച്ച് യുവതികളെ ശബരിമലയില്‍ കയറ്റുകയാണ് സര്‍ക്കാര്‍ നിലപാടെങ്കില്‍ അത് പ്രതിസന്ധി ഉണ്ടാക്കും. പഴയ നിലപാട്  സര്‍ക്കാര്‍ ഉപേക്ഷിക്കണം. നിര്‍ബന്ധമായി യുവതികളെ ശബരിമലയില്‍ കയറ്റി അവിടം സംഘര്‍ഷഭൂമിയാക്കി മാറ്റരുത്. യുഡിഎഫ് നല്‍കിയ അഫിഡവിറ്റ്, പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ പുനപരിശോധനാ ഹര്‍ജിയും ഒക്കെ കണക്കിലെടുത്താണ് സുപ്രീംകോടതി വിധിയുണ്ടായിരിക്കുന്നതെന്നും വിധിയെ സ്വാഗതം ചെയ്യുന്നതായും ചെന്നിത്തല പറഞ്ഞു. 

യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതിയുടെ മുന്‍വിധി കോടതി സ്റ്റേ ചെയ്തിട്ടില്ല. മത സ്വാതന്ത്ര്യവും ഭരണഘടനയും സംബന്ധിച്ച ഏഴ് കാര്യങ്ങളിൽ  വിശാല ബെഞ്ച് തീരുമാനം എടുക്കും വരെ യുവതീപ്രവേശനം അനുവദിച്ചു  കൊണ്ടുള്ള സുപ്രംകോടതിയുടെ മുന്‍വിധിയില്‍ മാറ്റമുണ്ടാക്കില്ല. ശബരിമലയിലെ യുവതീപ്രവേശനം എന്ന ഒരൊറ്റ വിഷയത്തില്‍ നിന്നും രാജ്യത്തെ മുഴുവന്‍ ആരാധാനാലയങ്ങള്‍ക്കും ചേര്‍ത്ത് ഒരൊറ്റ വിധിയിലേക്കാണ് സുപ്രീംകോടതി ഇനി പോകുന്നത്. മതം എന്നത് വലിയ ഗൗരവമേറിയ വിഷയമാണെന്നും ഇതേക്കുറിച്ച് വിശാലമായി പരിശോധിക്കേണ്ടതുണ്ടെന്നും വിധി പ്രസ്താവിക്കുമ്പോള്‍ കോടതി പറയുന്നു.