പത്തനംതിട്ട: മതപരമായ കാര്യങ്ങളിൽ ഇനിയെങ്കിലും സർക്കാർ ഇടപെടില്ലെന്ന് കരുതുന്നെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര്‍ വര്‍മ്മ. യുവതീപ്രവേശനം പുനപരിശോധിക്കാന്‍ വിശാല ബെഞ്ചിന് സുപ്രീംകോടതി വിട്ടതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ശശികുമാര്‍ വര്‍മ്മ. നാമം ജപിച്ച് തെരുവിലിറങ്ങിയവരെ പുച്ഛിച്ചവർക്കുള്ള മറുപടിയാണ് ഇന്നത്തെ സുപ്രീംകോടതി വിധി. ദേവസ്വം ബോർഡ് സ്വീകരിച്ച നടപടികൾ ശരിയാണോയെന്ന് ജനം വിലയിരുത്തണമെന്നും ശശികുമാര്‍ വര്‍മ്മ പറഞ്ഞു.

എന്നാല്‍ ശബരിമലയിലെ യുവതീപ്രവേശനം പുനപരിശോധിക്കാന്‍ ഏഴംഗ ബെഞ്ചിന് വിട്ട സുപ്രീംകോടതി മുന്‍വിധി സ്റ്റേ ചെയ്‍തിട്ടില്ല. അതുകൊണ്ട് തന്നെ വിശാല ബെഞ്ച് പരിഗണിക്കും വരെ യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രംകോടതിയുടെ മുന്‍വിധിയില്‍ മാറ്റമുണ്ടാകില്ല. മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്നും വിഷയത്തില്‍ വിശാലമായ രീതിയില്‍ ചര്‍ച്ചയും പരിശോധനയും ആവശ്യമാണെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി, വിധി പുനപരിശോധിക്കാന്‍ വിശാല ബെഞ്ചിന് വിട്ടത്.

ശബരിമല കേസിലെ യുവതീപ്രവേശനം അനുവദിക്കുന്നതും മുസ്ലീംപള്ളികളിലും പാഴ്സി ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതും അടക്കം കേസുകളെല്ലാം ഒരൊറ്റ ബെഞ്ചിലേക്ക് വിട്ടു കൊണ്ട് ലിംഗ ഭേദമന്യേ രാജ്യത്തെ എല്ലാ ആരാധനാലയങ്ങളിലും എല്ലാവര്‍ക്കും പ്രവേശിക്കാമോ എന്ന കാര്യത്തില്‍ ഒരൊറ്റ വിധിയാണ് ഇനി വരാന്‍ പോകുന്നത്. സുപ്രീംകോടതിയിലെ മുഴുവന്‍ ജഡ്ജിമാരും ഉള്‍പ്പെടുന്ന വിശാലമായ ബെഞ്ചാണ് ഈ കേസ് പരിഗണിക്കുന്നത് എന്നതില്‍ വരാനിരിക്കുന്ന വിധി അതീവപ്രാധാന്യമുള്ളതാണ്.