Asianet News MalayalamAsianet News Malayalam

ശബരിമല: സ്ട്രോംഗ് റൂം പരിശോധന പൂർത്തിയായി; സ്വര്‍ണം നഷ്ടമായിട്ടില്ലെന്ന് ഓഡിറ്റ് വിഭാഗം

സ്ട്രോങ്ങ് റൂമിലെ 800 ഉരുപ്പടികളുടെ കണക്കുകൾ ഹാജരാക്കാൻ ദേവസ്വം ബോർഡിന് കഴിഞ്ഞില്ല. പരിശോധനാ റിപ്പോർട്ട് ഓഡിറ്റ് വിഭാഗം ഹൈക്കോടതിയിൽ സമർപ്പിക്കും. 

sabarimala strong room checking over
Author
Pathanamthitta, First Published May 27, 2019, 1:54 PM IST

പത്തനംതിട്ട: ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വർണ്ണം, വെള്ളി ഉരുപ്പടികളുടെ കണക്കുകളിൽ പൊരുത്തക്കേടുണ്ടോ എന്നറിയാനായി ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിംഗ് സംഘത്തിന്റെ പരിശോധന പൂർത്തിയായി. പൊരുത്തക്കേടുള്ള 40 കിലോ സ്വർണ്ണം സ്ട്രോങ്ങ് റൂമിൽ ഉണ്ടെന്ന് മഹസർ രേഖകളിൽ വ്യക്തമായതായി ഓഡിറ്റ് വിഭാഗം അറിയിച്ചു.

സ്ട്രോങ്ങ് റൂം തുറന്ന് പരിശോധിക്കേണ്ടതില്ല. കണക്കിൽ കാണാത്ത 4 വെള്ളി ഉരുപ്പടികൾ ശബരിമലയിൽ ഉപയോഗിക്കുന്നുവെന്നാണ് ദേവസ്വം ബോർഡ് വിശദീകരണം. അതേസമയം, സ്ട്രോങ്ങ് റൂമിലെ 800 ഉരുപ്പടികളുടെ കണക്കുകൾ ഹാജരാക്കാൻ ദേവസ്വം ബോർഡിന് കഴിഞ്ഞില്ല. പരിശോധനാ റിപ്പോർട്ട് ഓഡിറ്റ് വിഭാഗം ഹൈക്കോടതിയിൽ സമർപ്പിക്കും. ഉരുപ്പടികൾ ഒന്നും നഷ്ടപ്പെട്ടില്ലെന്നാണ് ബോർഡ് വിശദീകരണം.

2017 മുതലുള്ള ഉരുപ്പടികളുടെ കണക്കുകളാണ് പരിശോധിച്ചത്. സ്ട്രോങ്ങ് റൂം മഹസ്സറുകളും ശബരിമലയിലെ രജിസ്ടറും തമ്മിൽ പൊരുത്തകേടുകൾ ഉണ്ടെന്ന സംശത്തെ തുടർന്നാണ് മുഴുവൻ രേഖകളും ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിംഗ് സംഘം പരിശോധിച്ചത്. ആകെ 10413 ഉരുപ്പടികളാണ് സ്ട്രോങ്ങ് റൂമിലുള്ളത്. ഇതിൽ 5720 എണ്ണം അക്കൗണ്ട് ന്റ് പരിശോധിച്ചു ഉറപ്പു വരുത്തിയിട്ടുണ്ട്. ശേഷിക്കുന്നവയിൽ 800  ഒഴികെ  വിവിധ ക്ഷേത്രങ്ങളുടെ ആവശ്യത്തിന് കൈമാറിയിട്ടുണ്ട്. 800 എണ്ണത്തിന്റെ രേഖകളിലാണ് അവ്യക്തത ഉള്ളത്.  

അതിനിടെ, പരിശോധന നടക്കുന്നതിന്റെ തലേ ദിവസം ദേവസ്വം ജീവനക്കാർ ഓഫീസിലെത്തി രേഖകൾ ശരിയാക്കുന്നതിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സ്വർണ്ണത്തിന്റെ അളവിൽ കുറവില്ലെന്നും ശബരിമലയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ പറഞ്ഞു. 

ദേവസ്വം മുൻ ജീവനക്കാരൻ വിരമിച്ചിട്ടും പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ജീവനക്കാരൻ ഉരുപ്പടികളുടെ കണക്ക് നൽകിയില്ലെന്ന് ദേവസ്വം അറിയിച്ചു. തുടർന്നാണ്  ഇക്കാര്യങ്ങൾ കൂടെ ഉറപ്പ് വരുത്താൻ മഹസ്സർ പരിശോധന നടത്താൻ കോടതി നിർദ്ദേശം നൽകിയത്. 

Follow Us:
Download App:
  • android
  • ios