അന്നദാന മണ്ഡപത്തിലും മെസ്സിലും ഒരുപോലെ സദ്യ നടത്തണമെന്ന നിർദേശം മുൻകൂട്ടി നൽകാതിരുന്നതാണ് പ്രധാന പ്രശ്നം.

പത്തനംതിട്ട: തിരുവോണ ദിവസം ശബരിമലയിൽ തിരുവോണ സദ്യ മുടങ്ങാൻ കാരണം ദേവസ്വം ബോർഡിന്റെ ആസൂത്രണം ഇല്ലായ്മ. സ്പോൺസർമാരെ ഒഴിവാക്കി തിരുവോണ സദ്യ നടത്തിപ്പ് ദേവസ്വം ബോർഡ് നേരിട്ട് ഏറ്റെടുത്തെങ്കിലും നടത്തിപ്പിൽ വീഴ്ച സംഭവിച്ചതാണ് സദ്യ മുടങ്ങാൻ കാരണം. തിരുവോണ ദിവസം അന്നദാന മണ്ഡപത്തിൽ എത്തിയ ഭക്തർക്ക് പതിവുപോലെ പുലാവ് നൽകി. തിരുവോണ സദ്യ മെസ്സിലും ക്രമീകരിച്ചു. സദ്യ കിട്ടാതെ വന്നതോടെ തീർഥാടകർ പരാതി ഉന്നയിച്ചപ്പോഴാണ് പിന്നീട് മെസ്സിൽ എല്ലാവർക്കും ആയി സദ്യ നൽകി തുടങ്ങിയത്.

അന്നദാന മണ്ഡപത്തിലും മെസ്സിലും ഒരുപോലെ സദ്യ നടത്തണമെന്ന നിർദേശം മുൻകൂട്ടി നൽകാതിരുന്നതാണ് പ്രധാന പ്രശ്നം. സദ്യ നേരിട്ടേറ്റെടുത്തത് പെട്ടെന്നുള്ള തീരുമാനമായതിനാൽ പ്രത്യേകമായി കരാറും നൽകിയില്ല. സദ്യ നടത്തിപ്പിൽ വീഴ്ച പറ്റിയെന്ന് ദേവസ്വം ബോർഡ് സമ്മതിക്കുന്നു. മന്ത്രി പറഞ്ഞെങ്കിലും ബോർഡ്‌ പ്രസിഡന്റ്‌ ആദ്യം അംഗീകരിച്ചില്ല. എന്നാൽ പിന്നീട് കെ ജയകുമാറും പിഴവ് സമ്മതിച്ച് രം​ഗത്തെത്തി.