Asianet News MalayalamAsianet News Malayalam

ശബരിമല വിധി: അഡ്വക്കേറ്റ് ജനറൽ ഇന്ന് മുഖ്യമന്ത്രിയെ കാണും

  • നവംബർ 17 ന് മണ്ഡലകാലം ആരംഭിക്കാനിരിക്കെ, ശബരിമലയില്‍ സംഘർഷം ഒഴിവാക്കലാണ് സർക്കാരിന്‍റെ ലക്ഷ്യം
  • ഇക്കുറി 30 ഓളം യുവതികൾ ശബരിമലയിൽ പ്രവേശിക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം
Sabarimala verdict Advocate general to meet CM pinarayi vijayan today
Author
Thiruvananthapuram, First Published Nov 15, 2019, 10:11 AM IST

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധി പുനപരിശോധനാ ഹർജികളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വിശദീകരിക്കാൻ അഡ്വക്കേറ്റ് ജനറൽ ഇന്ന് മുഖ്യമന്ത്രിയെ കാണും. കോടതി വിധിയുടെ പ്രാഥമിക വിലയിരുത്തൽ മുഖ്യമന്ത്രിയെ അറിയിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.

നവംബർ 17 ന് മണ്ഡലകാലം ആരംഭിക്കാനിരിക്കെ, ശബരിമലയില്‍ സംഘർഷം ഒഴിവാക്കലാണ് സർക്കാരിന്‍റെ ലക്ഷ്യം. യുവതീപ്രവേശനം സ്റ്റേ ചെയ്യാത്തതിനാൽ തന്നെ സർക്കാരിന് മുന്നിൽ വെല്ലുവിളികളുണ്ട്. ഇക്കുറി 30 ഓളം യുവതികൾ ശബരിമലയിൽ പ്രവേശിക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം. എങ്കിലും കഴിഞ്ഞ വർഷത്തെ അത്രയും ഗുരുതരമായ സാഹചര്യം ഇക്കുറി ഉണ്ടാകില്ലെന്നാണ് അനുമാനം.

അക്രമം ഒഴിവാക്കാൻ, യുവതികളെത്തിയാൽ പൊലീസിനെ കൊണ്ട് അനുനയിപ്പിച്ച് തിരിച്ചയക്കുന്ന രീതി ആവർത്തിക്കാനുള്ള സാധ്യതയാണുള്ളത്. യുവതികൾ വീണ്ടും എത്തുമോ, തടയാൻ വിവിധ സംഘടനകളുണ്ടാകുമോ തുടങ്ങി ആശങ്കകള്‍ നിരവധിയാണ്.

അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് ഇന്ന് ചേരുന്നുണ്ട്. ശബരിമല യുവതി പ്രവേശനം അനുവദിച്ചുള്ള 2018 സെപ്റ്റംബർ 28 ലെ വിധി സ്റ്റേ ചെയ്യാതെ, പുനപരിശോധനാ ഹർജികൾ മാറ്റിവച്ചിരിക്കുകയാണ് സുപ്രീം കോടതി. എന്നാൽ പുനപരിശോധനാ ഹർജികൾ ഏഴംഗ ബഞ്ചിന്റെ പരിധിയിൽ വരുമോയെന്ന കാര്യത്തിൽ ആശയക്കുഴപ്പത്തിലാണ് സിപിഎമ്മും സർക്കാരും. 

ശബരിമലയിൽ യുവതികളെ കയറ്റാൻ പാർട്ടി മുൻ കൈയെടുക്കില്ലെന്നാണ് സിപിഎം നയം. നിലവിലെ സാഹചര്യത്തിൽ പുതിയ വിധി, സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. മണ്ഡല കാലം തുടങ്ങാനിരിക്കെ ശബരിമല സംബന്ധിച്ച സർക്കാർ നീക്കങ്ങൾ മുഖ്യമന്ത്രി സെക്രട്ടറിയേറ്റിൽ വിശദീകരിക്കും.

Follow Us:
Download App:
  • android
  • ios