ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചു. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരമാണിതെന്നും വിശ്വാസവിഷയങ്ങളിൽ കോടതികൾ ഇടപെടരുതെന്നും കേന്ദ്രം അറിയിച്ചു.
ദില്ലി: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച കോടതി വിധി തെറ്റാണെന്ന കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിൽ വാദം സമർപ്പിച്ചു. ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരമാണ്. യുവതി പ്രവേശനം അനുവദിച്ചാൽ ആരാധന സ്വഭാവം മാറുമെന്നും വിശ്വാസവിഷയങ്ങളിൽ കോടതികൾ ഇടപെടരുതെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. 246 പേജുള്ള വാദമാണ് കേന്ദ്രത്തിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ സമർപ്പിച്ചത്.
ശബരിമല യുവതി പ്രവേശനക്കേസിൽ ഇന്ന് മുതൽ സുപ്രധാനവാദമാണ് സുപ്രീംകോടതിയിൽ നടക്കാൻ പോകുന്നത്. ഇന്ന് മുതൽ കേരളം പോളിംഗ് ബൂത്തിൽ എത്താൻ പോകുന്ന വ്യാഴ്ച്ച വരെ വാദം നടക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്. യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ വാദമാണ് ഇന്ന് മുതൽ നടക്കുന്നത്. വിധിയുടെ പുനഃപരിശോധന ആവശ്യപ്പെടുന്ന സംഘടനകളുടെ അടക്കം 32 പേരുടെ വാദങ്ങളാണ് ഇതുവരെ സമർപ്പിച്ചത്. യുവതി പ്രവേശനത്തെ അനൂകൂലിക്കുന്ന 12 പേരുടെ വാദങ്ങളും ഇതുവരെ സമർപ്പിച്ചു. പുനഃപരിശോധയെ അനൂകൂലിക്കുന്നവർക്കൊപ്പം വാദിക്കാൻ അനുവദിക്കണമെന്നാണ് കേരള സർക്കാരിന്റെ നിലപാട്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം നൽകുന്ന ഭരണഘടന ബെഞ്ചില്‍ ജഡ്ജിമാരായ എം എം സുന്ദരേഷ്, എ അമാനുള്ള, ആരവിന്ദ് കുമാർ, എ ജെ മസീഹ്, പി ബി വരാലെ, ആർ മഹാദേവൻ, ജോയ്മാല ബാഗ്ചി എന്നിവർക്കൊപ്പം ജസ്റ്റിസ് ബി.വി. നാഗരത്നയും ഭാഗമാണ്. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രിൽ 14,15,16 തീയതികളിലും നടക്കും. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണോ എന്നതിൽ കൃതൃമായ നിലപാട് പറയാതെയാണ് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്. യുവതിപ്രവേശനത്തിൽ മതപണ്ഡിതരുടെയും സാമൂഹികനേതാക്കളുടെ സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നാണ് സർക്കാർ നിർദ്ദേശിച്ചത്. പുനഃപരിശോധന ഹർജികളെ പിന്തുണയ്ക്കുന്നതായും യുവതി പ്രവേശനത്തെ എതിർക്കുന്നവർക്കൊപ്പം വാദിക്കാൻ അനുവദിക്കണമെന്നുമാണ് സർക്കാരിന്റെ ആവശ്യം. സർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയാണ് വാദിക്കുക. ഒരു മണിക്കൂറാകും കേരളത്തിനുള്ള സമയം.
യുവതിപ്രവേശനത്തെ എതിർത്താണ് ദേവസ്വം ബോർഡ് വാദങ്ങൾ സമർപ്പിച്ചത്. ദേവസ്വം ബോർഡിനായി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വിയാണ് വാദിക്കുന്നത്. മതാചാരങ്ങളിൽ തീർപ്പ് കൽപ്പിക്കേണ്ടത് കോടതികൾ അല്ലെന്ന നിലപാടാണ് കേന്ദ്രം അറിയിക്കാൻ പോകുന്നത്. ശബരിമലയിലെ യുവതിപ്രവേശനത്തിനു പുറമെ, മുസ്‌ലിം പള്ളികളിലെ സ്ത്രീ പ്രവേശനം,ഇതര മതസ്ഥരെ വിവാഹം ചെയ്ത പാഴ്സി സ്ത്രീകളുടെ അവകാശം, മുസ്ലിം ബോറ വിഭാഗത്തിലെ ചേല കർമ്മം തുടങ്ങിയ വിഷയങ്ങളും ഒമ്പതംഗ ബെഞ്ച് പരിശോധിക്കും.

