ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും. സംസ്ഥാനസർക്കാരിന്‍റെ വാദവും ഇന്നുണ്ടായേക്കുമെന്നാണ് കരുതുന്നത്. ശബരിമലക്കേസിൽ ആറാം ദിവസത്തെ വാദത്തിലേക്കാണ് സുപ്രീംകോടതി കടക്കുന്നത്

ദില്ലി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും. സംസ്ഥാനസർക്കാരിന്‍റെ വാദവും ഇന്നുണ്ടായേക്കുമെന്നാണ് കരുതുന്നത്. ശബരിമലക്കേസിൽ ആറാം ദിവസത്തെ വാദത്തിലേക്കാണ് സുപ്രീംകോടതി കടക്കുന്നത്. കഴിഞ്ഞ തവണ കേസിൽ മുതിർന്ന അഭിഭാഷകരായ ഗോപാൽ സുബ്രഹ്മണ്യം, രാജീവ് ധവാൻ വി ഗിരി എന്നിവരാണ് വാദം ഉന്നയിച്ചത്. ഇന്ന് മറ്റു മുതിർന്ന അഭിഭാഷകരുടെ വാദം പൂർത്തിയാൽ സംസ്ഥാനസർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപത് വാദിക്കും. 

Add Asianetnews as a Preferred SourcegooglePreferred

സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം യുവതികൾ ശബരിമലയിൽ പ്രവേശിക്കണോ വേണമോ എന്നതിൽ കൃത്യമായ നിലപാട് പറഞ്ഞിട്ടില്ല. യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തി വാദിക്കാൻ അനുവദിക്കണമെന്ന ആവശ്യമാണ് സംസ്ഥാനസർക്കാർ മുന്നോട്ടുവച്ചത്. യുവതി പ്രവേശനത്തിൽ മതപണ്ഡിതരുടെയും സാമൂഹികനേതാക്കളുടെ സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നും സർക്കാർ നിർദ്ദേശിച്ചിരുന്നു. ശബരിമലയിൽ സ്ത്രീകൾക്കുള്ള പ്രായ വിലക്ക് അനിവാര്യ മതാചാരമാണോയെന്ന് കോടതിക്ക് പരിശോധിക്കാനാകില്ലെന്നാണ് തന്ത്രി സുപ്രീം കോടതിയില്‍ വാദിച്ചത്. 

ഓരോ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കുമുള്ള സവിശേഷതകളനുസരിച്ച് ആചാരത്തിൽ മാറ്റങ്ങളുണ്ടാകാം. അവ വിശ്വാസത്തിന്‍റെ ഭാഗമാണ്. ‍ യുക്തി പരിശോധിക്കാനാകില്ലെന്നും തന്ത്രി കണ്ഠര് രാജീവരിനായി മുതിര്‍ന്ന അഭിഭാഷന്‍ വി.ഗിരി വാദിച്ചു. ഭരണഘടനാ തത്വങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ ഒരാള്‍ക്ക് വിശ്വാസത്തില്‍ നിലപാടെടുക്കാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കേസിൽ ഇനി യുവതി പ്രവേശനത്തെ അനൂകൂലിക്കുന്നവരുടെ വാദവും ഈ ആഴ്ച്ച നടന്നേക്കും.

YouTube video player