ദില്ലി: ശബരിമലയിൽ സുപ്രീംകോടതി വിധിക്കെതിരെ നിയമം കൊണ്ടുവരുന്നത് സജീവ പരിഗണനയിലെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. ഉന്നത നേതാക്കൾ ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ട്. ഒന്നോ രണ്ടോ ദിവസം കൊണ്ട് സർക്കാരിന് ബില്ല് കൊണ്ടുവരാനാകില്ല. വിധിക്കെതിരെ കേരളത്തിൽ ബിജെപി സമരം ചെയ്തത് കേന്ദ്ര നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരമാണെന്നും സദാനന്ദ ഗൗഡ  വ്യക്തമാക്കി. 

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പാലായിലെത്തിയത്. ബിജെപി പാലാ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത സദാനന്ദ ഗൗഡ പാലായിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കെതിരായ വിധിയെഴുത്തുണ്ടാകുമെന്ന  ആത്മവിശ്വാസത്തിലുമാണ്.

പ്രളയ സഹായവുമായുള്ള വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഇരുന്ന് അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് സദാനന്ദ ഗൗഡ കുറ്റപ്പെടുത്തി. പ്രളയ സഹായം വേണമെന്ന് മുഖ്യമന്ത്രി ഇതുവരെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയുടെ ചുമതല വഹിക്കാൻ പിണറായി വിജയൻ പ്രാപ്‍തനല്ല. കേന്ദ്രമന്ത്രി എന്ന നിലയിൽ താൻ അയക്കുന്ന കത്തുകൾക്ക് മുഖ്യമന്ത്രി മറുപടി നൽകുന്നില്ലെന്നും സദാനന്ദ ഗൗഡ വിമര്‍ശിച്ചു.