സമുദായ ഐക്യം ഊട്ടിയുറപ്പിക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഈ പരിപാടിയുടെ കോഴിക്കോട്ടെ വാര്‍ഷിക വേദിയിലെ ശ്രദ്ധാകേന്ദ്രം സമസ്ത നേതാവ് ജിഫ്രി മുത്തുകോയ തങ്ങൾ ആയിരുന്നു

കോഴിക്കോട്: മുസ്ലിം ലീഗ് സമസ്ത തർക്കത്തിൽ മഞ്ഞുരുകലിൻ്റെ സൂചനയായി കോഴിക്കോട്ടെ സ്നേഹ സദസ്. ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ ആതിഥേയത്വം വഹിച്ച സദസിൽ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പങ്കെടുത്തിരുന്നു.

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷ പദവിയിലത്തിയ ശേഷം സാദിഖലി ശിഹാബ് തങ്ങൾ ഏറ്റെടുത്ത പ്രധാന പ്രവര്‍ത്തനമായിരുന്നു 'സ്നേഹസദസ്'. സമുദായ ഐക്യം ഊട്ടിയുറപ്പിക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഈ പരിപാടിയുടെ കോഴിക്കോട്ടെ വാര്‍ഷിക വേദിയിലെ ശ്രദ്ധാകേന്ദ്രം സമസ്ത നേതാവ് ജിഫ്രി മുത്തുകോയ തങ്ങൾ ആയിരുന്നു. 

ലീഗ് - സമസ്ത ബന്ധത്തില്‍ മുമ്പില്ലാത്ത വിധം വിളളല്‍ വീണ പശ്ചാത്തലത്തിലായിരുന്നു ഇരുനേതാക്കളും ഒരേ വേദിയിലെത്തിയതെങ്കിലും ആ പിരിമുറുക്കമൊന്നും നേതാക്കളിൽ പ്രകടമായില്ല. സാദിഖലി ശിഹാബ് തങ്ങൾക്ക് സമീപത്ത് ഇരുന്ന ജിഫ്രി തങ്ങൾ സൗഹൃദം പങ്കുവയ്ക്കുന്നതില്‍ പിശുക്ക് കാണിച്ചില്ല. സാദിഖലിയോട് സ്നേഹ യാത്ര തുടരാൻ ആയിരുന്നു പ്രസംഗത്തിലൂടെ ജിഫ്രിയുടെ ഉപദേശം.

തെര‍ഞ്ഞെടുപ്പ് കാലത്തെ ചേരി തിരിഞ്ഞുളള പ്രവര്‍ത്തനം ഇരുകൂട്ടരുടെയും ബന്ധത്തില്‍ കാര്യമായ ഉലച്ചിലുണ്ടാക്കിയിരുന്നു. ലീഗ് പ്രവര്‍ത്തകന്‍ സമസ്ത മുഖപത്രമായ സുപ്രഭാതം കത്തിച്ചതിന് പിന്നാലെ സുപ്രഭാതത്തിന്‍റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ലീഗ് നേതാക്കള്‍ ഒന്നടങ്കം വിട്ടു നിന്നു. അപ്പോഴും തര്‍ക്കങ്ങള്‍ കൂടുതല്‍ വഷളാക്കേണ്ടെന്ന വികാരത്തിലാണ് ഇരു വിഭാഗത്തിലെയും നേതാക്കള്‍. എന്നാല്‍ അടുത്തയാഴ്ച പുറത്തുവരാനിരിക്കുന്ന ലോക്സഭാ തരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചാകും അനുരഞ്ജനത്തിന്‍റെ ഭാവി.

Also Read:- 'മാസപ്പടി'യില്‍ പൊലീസിന് കേസെടുക്കാമെന്ന് ഇഡി; 2 തവണ ഡിജിപിക്ക് കത്തയച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo